കുമ്പള: കുമ്പള പഞ്ചായത്തിലെ ബദ്രിയ നഗർ ചെങ്കൽ ക്വാറിക്കടുത്തു മാലിന്യമല രൂപപ്പെടുന്നു.സമ്പൂർണ്ണ ശുചിത്വത്തിനു പഞ്ചായത്ത് പഴുതടച്ച സംവിധാനം തുടരുന്നതിനിടെയാണ് പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം അനനിയമായിക്കൊണ്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മ സേന വഴി നടപടി സ്വീകരിക്കുമ്പോഴും ജനവാസ മേഖലകളിൽ മാലിന്യം വലിച്ചെറിയുന്നതിന് ഒരു തടസ്സവുമാല്ലാതെ തുടരുകയാണ്. ഇതിന്റെ നേർക്കാഴ്ചയാണ് ബദ്രിയാ നഗറിലെ മാലിന്യ കൂമ്പാരം.
രാത്രിയുടെ മറവിൽ ഇരുചക്രവാഹനങ്ങളിലും മറ്റുമാണു മാലിന്യം കൊണ്ട് തള്ളുന്നത്. ഹോട്ടലുകളിൽ നിന്നും,വ്യാപാര സ്ഥാപനങ്ങളിൽ നിന്നും,വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കെട്ടുകളി ലാക്കിയാണു ജനവാസ മേഖലയിൽ വലിച്ചെറിയുന്നത്.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ജില്ലയിൽ എൻഫോസ്‌മെന്റ് സ്ക്വാഡ് പഴുതടച്ച നടപടികളും പിഴയും ചുമത്തുമ്പോഴാണ് ബദ്രിയാനഗറിൽ ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത്. ഇവ കാറ്റിൽ വീടുകളിലെ പറമ്പിലും കിണറുകളിലും മറ്റും വീണ് ശുദ്ധജലം മലിനമാകുന്നതായും,ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. പരാതിയെ തുടർന്ന് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽ ഖാദർ ഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും, ജീവനക്കാരും സംഭവസ്ഥലം സന്ദർശിച്ചു.







