കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നല്‍കി മയക്കി യുവാവിന്റെ സ്വര്‍ണവും ലാപ്‌ടോപ്പും കവര്‍ന്ന കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച നടന്ന് 24 മണിക്കൂറിനകം കോഴിക്കോട്ടു നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
വടകര പുതുപ്പണം സ്വദേശി വി.പി.സരിന്റെ സ്വര്‍ണവും പണവും അടങ്ങുന്ന ബാഗാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ബിഹാര്‍ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫര്‍ (40) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നു സ്വര്‍ണവും പണവും മറ്റു വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
മലബാര്‍ എക്‌സ്പ്രസില്‍ എസ്4 കംപാര്‍ട്‌മെന്റില്‍ മംഗളൂരുവില്‍ നിന്നു വടകരയിലേക്കു പോവുകയായിരുന്ന സരിന്‍ മംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സരിന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു പ്രതികള്‍ സഞ്ചരിച്ചിരുന്നത്. യാത്രയ്ക്കിടെ സൗഹൃദം നടിച്ച് ട്രെയിന്‍ കുമ്പളയിലെത്തിയപ്പോള്‍ സംഘം സരിന് ബിസ്‌കറ്റ് നല്‍കി. അത് കഴിച്ചതോടെ ഉറങ്ങിപ്പോയ സരിനു വടകരയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല.
ട്രെയിന്‍ ഫറോക്കില്‍ എത്തിയപ്പോള്‍ സീറ്റ് ബുക്ക് ചെയ്ത മറ്റൊരാള്‍ കയറി. തുടര്‍ന്ന് സരിനെ ഫറോക്ക് സ്റ്റേഷനില്‍ ഇറക്കി. എന്നാല്‍ ബാഗും മറ്റു വസ്തുക്കളും കാണാനില്ലെന്ന് കണ്ട് സരിന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ബിസ്‌കറ്റ് കഴിച്ച സരിന് ഓര്‍മക്കുറവും ഉണ്ടായി. തുടര്‍ന്ന് ഫറോക്കില്‍ നിന്നു മറ്റൊരു ട്രെയിനില്‍ കയറി തിരൂരില്‍ എത്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇതിനിടെ സരിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിനു ശേഷം രാത്രി പ്രതികള്‍ കോഴിക്കോട്ട് ഇറങ്ങി ലോഡ്ജില്‍ താമസിച്ചു. തുടര്‍ന്ന് മറ്റു ട്രെയിനുകളില്‍ കറങ്ങി നടന്നു. അതിനിടെയാണ് സംയുക്ത സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. സംഭവം കുമ്പളയില്‍ നടന്നതിനാല്‍ കേസ് തുടരന്വേഷണത്തിന് കാസര്‍കോട് പൊലീസിനു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് എസ്‌ഐ സനല്‍കുമാര്‍, എ.എസ്.ഐ സി.കെ.മഹേഷ്, ആര്‍പിഎഫ് പാലക്കാട് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എഎസ്‌ഐ കെ.എം.ഷിജു, ഹെഡ് കോണ്‍സ്റ്റബിള്‍ ഇ.കെ.രാധാകൃഷ്ണന്‍, കെ.റിനീത്, ഒ.കെ.അജീഷ്, എം.ബൈജു, എം.അബ്ബാസ്, കെ.രഞ്ജിത്ത്, കോഴിക്കോട് റെയില്‍വേ പൊലീസ് ഡാന്‍സാഫ് അംഗമായ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.ബി.ജോസ്, സിപിഒ വി.സജികുമാര്‍, ആര്‍.സുജിത് എന്നിവര്‍ പങ്കെടുത്തു.







