സിപിഎമ്മില്‍ കാട്ടുനീതിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദന്‍; ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയത് എം.വി ഗോവിന്ദനെന്ന് ആരോപണം; സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി

കണ്ണൂര്‍: സിപിഎം പാര്‍ട്ടിയുടെ രീതിക്കും സംഘടനാരീതിക്കും വിരുദ്ധമായ നടപടികളില്‍ മുങ്ങിയിരിക്കുകയാണെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ ഗോവിന്ദന്‍ പറഞ്ഞു. ഈ ദുര്‍ഘടസന്ധിയില്‍ നിന്ന് സിപിഎമ്മിനെ രക്ഷിക്കാനാണ് അര ശതാബ്ദത്തിലധികം സിപിഎം പ്രവര്‍ത്തകനായ താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ഒരു കാലത്തും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവണതകള്‍ ശക്തിപ്പെട്ടുകഴിഞ്ഞു. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഒരുപാട് കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. പാര്‍ട്ടി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഒരുപാട് കാലമായി പറയുന്നു. ഒരു തിരുത്തുമില്ല. പറയുന്നവരെ മനസ്സാക്ഷി കുത്തില്ലാതെ അവഗണിക്കുന്നു. പാര്‍ട്ടിയെ ഇത്തരത്തില്‍ വിട്ടാല്‍ പാര്‍ട്ടി ശിഥിലമാകും. പാര്‍ട്ടി ദുര്‍ബലപ്പെടരുത്. 25ാം വയസ്സില്‍ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കേരള സ്റ്റേറ്റ് യുവജന ഫെഡറേഷന്‍ ഏരിയ സെക്രട്ടറിയായി. 1981 ല്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയായി. ചെറുപ്പക്കാരെ കൂട്ടത്തോടെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിന് തന്റെ നേതൃത്വത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. 25 വര്‍ഷം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. ഇതൊക്കെ ഇപ്പോള്‍ വിശദീകരിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടി താന്‍ അനുഭവിച്ച ത്യാഗങ്ങള്‍ പുതിയ തലമുറ അറിയുന്നതിനുവേണ്ടിയാണ്. ഇക്കാലമത്രയും ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി താന്‍ ഒരു നേതാവിനേയും സമീപിച്ചിട്ടില്ല. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിക്കൂടാത്ത പ്രതിഭാസങ്ങള്‍ തലപൊക്കുന്നു. സംഘടനാരീതിക്ക് ചേരാത്ത സമീപനങ്ങള്‍ പാര്‍ട്ടി ശൈലി ആയിക്കൊണ്ടിരിക്കുന്നു. സിപിഎമ്മില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പ്രവണതകള്‍ തലപൊക്കുന്നു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് കുഞ്ഞികൃഷ്ണന്‍ പറഞ്ഞ കണക്ക് സത്യമാണ്. മൂന്നുതവണ എം.എല്‍.എ ആയ ആളുടെ ഭാര്യ അതേ മണ്ഡലത്തില്‍ നാലാംതവണ മത്സരിക്കുന്നത് ശരിയാണോ എന്ന് ടി.കെ ഗോവിന്ദന്‍ ചോദിച്ചു. ഇതിനെ കുറിച്ച് മണ്ഡലം കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും രൂക്ഷമായ വിമര്‍ശനം നടന്നു. എംവി ഗോവിന്ദന്‍ ഒരു കുലുക്കവുമില്ലാതെ അത് കേട്ടിരുന്നു. വിമര്‍ശനങ്ങളെ അവഗണിച്ച് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഗോവിന്ദനാണ്. വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ശ്യാമളയാണെന്ന് പ്രചരണമുണ്ടായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും കുടുംബാധിപത്യം സ്ഥാപിക്കാനുള്ള ശ്രമം നുള്ളിക്കളഞ്ഞില്ലെങ്കില്‍ അനതി വിദൂര ഭാവിയില്‍ പാര്‍ട്ടി ശിഥിലമാക്കുമെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page