തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങളിലെ പിഴയില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം ഇളവ് അനുവദിച്ചു. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. 2024 ഡിസംബര്‍ 31 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ഇളവ്. ഏപ്രില്‍ 30ന് മുന്‍പ് പിഴ അടച്ചുതീര്‍ക്കണമെന്നാണ് വ്യവസ്ഥ.
ഒരേ വാഹനങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ചലാന്‍ ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടയ്ക്കേണ്ടിവരുന്നതുമാണ് ഇ-ചലാന്‍ തീര്‍പ്പാക്കുന്നതില്‍ നിന്നു വാഹന ഉടമകളെ പിന്തിരിപ്പിക്കുന്നത്.
ഇ-ചെലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തിലാണ് പിഴയില്‍ ഇളവ് അനുവദിക്കണമെന്ന ശുപാര്‍ശയുമായി ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനെ സമീപിച്ചത്.







