കാസര്‍കോട്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ടാര്‍ വിലയും കുത്തനെ ഉയര്‍ന്നു. ഇത് കരാറുകാരെയും പൊതുമരാമത്ത് പ്രവൃത്തികളെയും പ്രതിസന്ധിയിലേയ്ക്ക് തള്ളിയിടുമെന്ന് ആശങ്ക. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ അധിക നിരക്ക് അനുവദിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജാസിര്‍ ചെങ്കള ആവശ്യപ്പെട്ടു.
സാധാരണ നിലയില്‍ ഓരോ മാസവും ഒന്നാം തീയ്യതിയും 16-ാം തീയ്യതിയിലുമാണ് ടാറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ മാര്‍ച്ച് ഒന്നിന് ഒരു ടണ്‍ ടാറിനു 58,764 രൂപ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 65,195 രൂപയായി ഉയര്‍ന്നുവെന്നു അദ്ദേഹം പറഞ്ഞു. ഇതു കരാറുകാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും നിലവിലെ വിപണി നിരക്ക് പരിഗണിച്ച് ടാര്‍ വില വര്‍ധനയ്ക്ക് അനുസൃതമായ അധിക നിരക്ക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പൊതുമരാമത്ത് പ്രവൃത്തികളെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിച്ചു.






