മൊഗ്രാൽപുത്തൂർ: വ്യാപാരി വ്യവസായ സമിതി മൊഗ്രാൽപുത്തൂർ യൂണിറ്റ് കമ്മിറ്റി ‘നമ്മളൊന്ന്’ സമൂഹ നോമ്പ് തുറനടത്തി. മൊഗ്രാൽപുത്തൂർ അഡ്രസ് വില്ലയിൽ നടന്ന പരിപാടി സൗഹാർദ്ദവും ഒത്തൊരുമയുംപകർന്നു. ജീവിതത്തിന്റെ വിവിധ മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു.നോമ്പ് തുറയോടനുബന്ധിച്ച് പ്രത്യേക ബോധവൽക്കരണ പ്രഭാഷണവും ഉണ്ടായി രുന്നു. ‘നിയമപാലനം’ എന്ന വിഷയത്തിൽ സബ് ഇൻസ്പെക്ടർ പി. കെ. രാമകൃഷ്ണൻ പ്രഭാഷണം നടത്തി. നിയമങ്ങൾ പാലിക്കുന്നതിലൂടെ എങ്ങനെ ഒരു മെച്ചപ്പെട്ട സമൂഹത്തെ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ‘മറഞ്ഞിരിക്കുന്ന തെറ്റുകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ പ്രഭാഷകൻ നിർമ്മൽ കുമാർ കാടകം സംസാരിച്ചു. സന്മാർഗ്ഗികമായ ജീവിതരീതികളെക്കുറിച്ചും തെറ്റായ പ്രവണതകൾ ഒഴിവാക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. വിജയ് കുമാർ അധ്യക്ഷത വഹിച്ചു. വി വി ഉദയ കുമാർ,പ്രകാശൻ,റിയാസ് ചൗക്കി, അസീസ് കടപ്പുറം, കെ കുഞ്ഞിരാമൻ, സമീർ , ഹനീഫ് കടപ്പുറം, സഫീർ ഗുൽസാർ, എം എ നജീബ്, അബ്ദുൽ സലാം, ഹക്കീം കമ്പാർ പങ്കെടുത്തു. പ്രദേശത്തെ വ്യാപാരികളും പൊതുജനങ്ങളും ഒത്തുചേർന്ന നോമ്പ് തുറ പരിപാടി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു. കെ കെ നസീർ സ്വാഗതവും, അബ്ദുള്ള നന്ദിയും പറഞ്ഞു.






