കുമ്പള : എല്ലാ കുടുംബങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിലൂടെ ഭാരതത്തിലെ കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിത നിലവാരം നരേന്ദ്ര മോദി സർക്കാർ ഉയർത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. മഹിളാമോർച്ച കുമ്പള പഞ്ചായത്ത് മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കേരളത്തെ സഹായിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമായിട്ട് പോലും അത് പ്രയോജനപ്പെടുത്താനും കേന്ദ്ര ജനക്ഷേമ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാനും പിണറായി വിജയൻ സർക്കാരിന് സാധിച്ചില്ലെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.യുഡിഎഫ് എംഎൽഎമാർ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ ജനങ്ങളെ വഞ്ചിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കാസർകോട്ടുകാർക്കു ഇപ്പോഴും കർണ്ണാടകയെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നു അദ്ദേഹം പറഞ്ഞു. കന്നഡ ഭാഷക്കാരുടെ ഭാഷാപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല മലയാളം നിർബന്ധമാക്കിയ ബില്ലിൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങൾക്ക് ഇളവ് ആവശ്യപ്പെടാൻ പോലും ലീഗ് എംഎൽഎമാർ തയ്യാറായില്ല-സുരേന്ദ്രൻപറഞ്ഞു.മഹിളാ മോർച്ച കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശാരദ അദ്ധ്യക്ഷത വഹിച്ചു. വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, കെ.എസ്. രമണി, അനിതാ നായിക്, പ്രേമലത എസ്, സുനിൽ അനന്തപുരം, സുജിത്ത് റൈ, ശിവപ്രസാദ് റൈ, പ്രേമാവതി ഷെട്ടി, വിദ്യ എൻ. പൈ, പ്രേമ വി. ഷെട്ടി, അമിത ആൾവ പ്രസംഗിച്ചു.
പ്രകടനവും ഉണ്ടായിരുന്നു.






