കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന്; വോട്ടെണ്ണല്‍ മെയ് 4ന്

ന്യൂദെല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിനു നടക്കും. മെയ് നാലിന് ആണ് വോട്ടെണ്ണല്‍. മൂന്നാഴ്ച്ച മാത്രമാണ് കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനായി ലഭിക്കുക. വിഷുവിനു ശേഷം തെരഞ്ഞെടുപ്പു നടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് തീയ്യതി വിഷുവിനു മുന്നിലേക്കായത്. ആസാം,പുതുച്ചേരി, എന്നീ സംസ്ഥാനങ്ങളിലും ഏപ്രില്‍ 9ന് ആണ് തെരഞ്ഞെടുപ്പ് . പശ്ചിമ ബംഗാളിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് . തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കും. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 23.

തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമാക്കി തീര്‍ക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ യുവത പങ്കാളികളാകണം. വോട്ടിനു അര്‍ഹതയുള്ളവര്‍ക്കെല്ലാം അതിനുള്ള അവസരം നല്‍കണം. അനര്‍ഹര്‍ കയറികൂടുന്നില്ലെന്നു ഉറപ്പാക്കണം- അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 100 വയസ്സിനു മുകളിലുള്ള 1571 വോട്ടര്‍മാരാണുള്ളത്. തെരഞ്ഞെടുപ്പിനായി 30471 പോളിംഗ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ 2.70 കോടി വോട്ടര്‍മാരില്‍ 4.24 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണ്- അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page