പത്തനംതിട്ട: വീട്ടില്‍ വന്ന അപരിചിതയായ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ പിഞ്ചു കുഞ്ഞിനെ കണ്ടതായി വീട്ടമ്മ. നെടുമണ്‍കാവ് കൈലാസക്കുന്ന് ശാലേംപുരത്താണ് സംഭവം. സ്ത്രീ വീട്ടിലെത്തുമ്പോള്‍ വീട്ടമ്മ മുറ്റം തൂക്കുകയായിരുന്നു. ഭര്‍ത്താവ് ജോലിക്കു പോയിരുന്നു. ഈ സമയത്ത് കയ്യില്‍ വലിയ സഞ്ചിയുമായെത്തിയ സ്ത്രീ വീട്ടമ്മയോട് വെള്ളം ആവശ്യപ്പെട്ടു.
വെള്ളമെടുക്കാന്‍ പോകുന്നതിനിടെ വെള്ളം വേണ്ടെന്നും സഞ്ചി ഇവിടെ വയ്ക്കട്ടെയെന്നും സ്ത്രീ ചോദിച്ചു. നോക്കിയപ്പോള്‍ സഞ്ചി അനങ്ങുന്നതായി കണ്ടു. അതിനകത്ത് വെള്ള തുണിയില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിനെയും കണ്ടുവെന്നാണ് വീട്ടമ്മ പറയുന്നത്. ഇതോടെ ഭയന്ന വീട്ടമ്മ വീട്ടില്‍ കയറി കതകടച്ചു.
തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നാലെ പൊലീസും സമീപ വാസികളുമെല്ലാം ചേര്‍ന്ന് പരിസരം മുഴുവനും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.







