കാസര്‍കോട്: കിടപ്പുമുറിയിലെ ഫാന്‍ നന്നാക്കുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, ശിവഗിരി, പര്‍ത്താജെ ഹൗസിലെ പരേതനായ കൃഷ്ണനായിക്കിന്റെ മകന്‍ ധന്‍രാജ് (40) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കിടപ്പുമുറിയിലെ ഫാന്‍ തകരാറിലായിരുന്നു. ഇതു നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ എന്‍മകജെ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം രാത്രിയില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വര്‍ഷങ്ങളായി പെര്‍ള ടൗണില്‍ ഓട്ടോ ഡ്രൈവറായിരുന്ന ധന്‍രാജ് വലിയൊരു സുഹൃത്ത് ബന്ധത്തിന്റെ ഉടമയായിരുന്നു. ഇദ്ദേഹത്തിന്റെ ആകസ്മിക വിയോഗം സഹതൊഴിലാളികളെയും നാടിനെയും കണ്ണീരിലാഴ്ത്തി. മാതാവ്: ഗിരിജ. ഭാര്യ: ദീപ. മക്കള്‍: നിഷ്മിത, വിജിത്ത്. സഹോദരങ്ങള്‍: മോഹന്‍, കമലാക്ഷി, മോഹിനി.






