തൃശ്ശൂര്‍: മദ്യപിച്ച് ബോധമില്ലാതെ റോഡരികില്‍ കിടന്ന മധ്യവയസ്‌കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. വടക്കാഞ്ചേരി തെക്കുംകര സ്വദേശി രാജനാണ് അറസ്റ്റിലായത്. പാണന്‍ വീട്ടില്‍ ശശി എന്നയാളെയാണ് ഇയാള്‍ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചത്. കഴിഞ്ഞ തിരുവോണ ദിവസമായിരുന്നു സംഭവം. മദ്യപിച്ച് ബോധമില്ലാതെ തന്റെ വീടിന് മുന്നില്‍ കിടന്നതുകൊണ്ടാണ് ചൂടുവെള്ളം ഒഴിച്ചതെന്ന് പ്രതി പൊലീസില്‍ സമ്മതിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ശശി ഒന്നരമാസത്തിലധികം ചികിത്സയിലായിരുന്നു. ഇരുകാലുകളിലും ഗുരുതരമായ പൊള്ളലാണ് ഉണ്ടായിരുന്നത്. മറ്റൊരു മദ്യപാന സദസ്സില്‍ രാജന്‍ നടത്തിയ വെളിപ്പെടുത്തലാണ് അയാളെ കേസില്‍ കുടുക്കിയത്. രാജന്റെ വെളിപ്പെടുത്തല്‍ കേട്ട സാക്ഷി പിന്നീട് കോടതിയില്‍ മൊഴി നല്‍കിയതോടെയാണ് കേസിന് തുമ്പുണ്ടായത്.







