കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും ഇ സിഗരറ്റും പാന്‍ മസാലയും 19,360 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍. നെക്രാജെ, ചര്‍ളടുക്കം, റിഫ മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (38), ചട്ടഞ്ചാല്‍, കുന്നാ റയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ്, എസ്.ഐമാരായ കെ.ആര്‍.ഉമേശ്, വൈഷ്ണവ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിക്ക് തലപ്പാടിയിലാണ് സംഭവം. തലപ്പാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം . ഈ സമയത്ത് എത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് 3.21 ഗ്രാം എം.ഡി എം.എ, 12 പാന്‍ മസാല, ഇ സിഗരറ്റ്, 19, 360 രൂപ എന്നിവ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിനിടയില്‍ പ്രതികള്‍ അക്രമാസക്തരാവുകയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസര്‍ സജീഷിനെ അടിച്ചു പരിക്കേല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എ.എസ്.ഐ സദന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ദിനേശ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ അബൂബക്കര്‍ സിദ്ദിഖിനെതിരെ ബദിയഡുക്കയില്‍ മൂന്നും ഹാരിസിനെതിരെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ നരഹത്യാശ്രമം ഉള്‍പ്പെടെ മൂന്നു കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.






