കാസര്‍കോട്: കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡില്‍ വന്‍ വാഹനാപകടം. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളടക്കം ബസ് യാത്രക്കാരായ നിരവധി പേര്‍ക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെ 8.30 മണിയോടെ ശാന്തിപ്പള്ള, എക്‌സൈസ് ഓഫീസിനു സമീപത്താണ് അപകടം. ബദിയഡുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും കുമ്പളയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനകത്തുണ്ടായിരുന്ന നാലുപേര്‍ക്കും സാരമായി പരിക്കേറ്റു. ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ആളെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാര്‍ യാത്രക്കാരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. ബസ് യാത്രക്കാരായ കന്യപ്പാടിയിലെ മുഷ്‌ക്കാന്‍ (23), നീര്‍ച്ചാലിലെ ദീപിക (22), ഭാസ്‌ക്കര നഗറിലെ സുജാത (40) എന്നിവരെ കുമ്പള സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റു ഏതാനും പേരെ വിവിധ സ്വകാര്യആശുപത്രികളിലും പ്രവേശിപ്പിച്ചു.







