ടെഹ്‌റാന്‍: ഇറാന്‍- അമേരിക്ക യുദ്ധം ഉടന്‍ അവസാനിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിന്റെ പ്രസ്താവനയെ അക്കാര്യം തീരുമാനിക്കുന്നതു തങ്ങളാണെന്നു ഇറാന്റെ ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡ് കോര്‍പസ് പ്രതികരിച്ചു. പശ്ചിമേഷ്യയുടെ ഭാവി ഇറാന്‍ സേനയുടെ കൈകളിലാണെന്ന് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിച്ചു.
ഇസ്രായേല്‍- അമേരിക്ക സംയുക്ത സൈനിക നടപടി പ്രാഥമിക ലക്ഷ്യം കണ്ടെന്നും അതിനാല്‍ ഇറാനുമായുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ട്രമ്പിന്റെ പ്രതികരണം. വീണ്ടും ഇറാന്‍ യുദ്ധം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുകരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിച്ചു.
ചില തിന്മകളെ ഇല്ലാതാക്കാനുള്ള ചെറുയാത്രയായിരുന്നു പശ്ചിമേഷ്യന്‍ സ്ഥിതിഗതികളെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ ചെയ്യേണ്ടതെല്ലാം ഇതിനിടയില്‍ ചെയ്തു. ഇനി അധികം പരീക്ഷണം മതിയാക്കുന്നതാണ് അവര്‍ക്കു നല്ലത്. മറിച്ചാണെങ്കില്‍ അത് ആ രാജ്യത്തിന്റെ അന്ത്യമായിരിക്കുമെന്നും പിന്നെ ഒരിക്കലും ആരും ഇറാനെന്നു പേരു കേള്‍ക്കില്ലെന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു.
ട്രമ്പിന്റെ പ്രസ്താവനക്കു നിമിഷങ്ങള്‍ക്കുള്ളില്‍ യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നതു തങ്ങളാണെന്നു ഐ ആര്‍ ജി സി പ്രതികരിച്ചു. പശ്ചിമേഷ്യന്‍ മേഖലയുടെ ഭാവി തങ്ങളുടെ സായുധ സേനയുടെ കൈയിലാണെന്ന് കൂട്ടിച്ചേര്‍ത്തു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പല്‍ പ്രയാണം തടഞ്ഞാല്‍ ഇരുപതു മടങ്ങു ശക്തിയില്‍ തിരിച്ചടിക്കുമെന്നു ട്രമ്പ് മുന്നറിയിച്ചു. ലോക വിപണിയില്‍ ഗ്യാസ്, ഇന്ധന വിതരണം തടസ്സപ്പെടുന്നു. വില വര്‍ദ്ധിക്കുന്നു- ട്രമ്പ് ചൂണ്ടിക്കാട്ടി.
അതേസമയം പശ്ചിമേഷ്യന്‍ യുദ്ധം 11-ാം ദിവസത്തേക്കു കടന്നു. റഷ്യയും ചൈനയും ഫ്രാന്‍സും വെടി നിറുത്തല്‍ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.







