കാസര്‍കോട്: ഉദുമ പഞ്ചായത്തിലെ ബാര അരമങ്ങാനത്ത് കാട്ടുപോത്തിറങ്ങി. തിങ്കളാഴ്ച രാവിലെ അരമങ്ങാനം സ്‌കൂളിനു സമീപത്തുള്ള റോഡിലാണ് നാട്ടുകാര്‍ പോത്തിനെ കണ്ടത്. നാട്ടുകാര്‍ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. രാവിലെ കാണപ്പെട്ട പോത്ത് പിന്നീട് എങ്ങോട്ട് പോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പകല്‍ നേരങ്ങളില്‍ കുറ്റിക്കാട്ടിലോ ചതുപ്പിലോ പതുങ്ങിക്കിടക്കുന്ന പോത്ത് രാത്രിയില്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രതക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്.ഏതാനും ദിവസം മുമ്പ് കരിച്ചേരി പുഴയുടെ സമീപ പ്രദേശമായ കരിമ്പാല, എക്കാലില്‍ കാട്ടുപോത്തിനെ കണ്ടതായി പറയുന്നു. അന്ന് പോത്ത് ദേശീയ പാത ഭാഗത്തേക്ക് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേ പോത്താണോ ബാരപ്രദേശത്ത് എത്തിയതെന്നു സംശയിക്കുന്നു.





