ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട വിരോധം: ബദിയഡുക്കയില്‍ അക്രമം; പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, മുസ്ലീംലീഗിനെതിരെ മുന്നറിയിപ്പുമായി ബി ജെ പി

കാസര്‍കോട്; ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട വിരോധത്തില്‍ യുവാക്കളെ തടഞ്ഞു നിര്‍ത്തി സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. ബദിയഡുക്ക, വളമല ഹൗസിലെ ധ്വനീഷി(18)ന്റെ പരാതിയില്‍ ബദിയഡുക്കയിലെ നാസിര്‍, സാബിത്ത്, സിറാജ്, റിയാസ്, അന്നാഷാ, കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.45 മണിയോടെ ബദിയഡുക്ക ടൗണിലെ ഒരു ഹോട്ടലിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട വിരോധത്തില്‍ പരാതിക്കാരനായ ധ്വനീഷിനെയും സുഹൃത്തുക്കളായ തന്മയ്, ശ്രേയസ് എന്നിവരെയും തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.
ബദിയഡുക്ക, ഗോളിയടിയില്‍ ഉണ്ടായ അക്രമ സംഭവത്തിലാണ് ബദിയഡുക്ക പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബദിയഡുക്ക, നെട്ടണിഗെ, ഹൗസിലെ മുഹമ്മദ് അലി , സിറാജ്, സാബിത്ത്, ഹനാന്‍ ഷഹാല്‍, നാസിര്‍ എന്നിവരെ ആക്രമിച്ചുവെന്ന പരാതിയില്‍ ബദിയഡുക്കയിലെ ഭരത് ഷെട്ടി, ഹരീഷ്, ധന്‍വിത്ത്, മഹേഷ്, അക്ഷയ്, ശ്രേയസ്, രൂപേഷ്, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഗോളിയടുക്കയില്‍ വച്ച് പരാതിക്കാരനെയും സുഹൃത്തുകളെയും തടഞ്ഞു നിര്‍ത്തി വടി, ബിയര്‍ കുപ്പി, ഹെല്‍മറ്റ് എന്നിവ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി.
അതേസമയം അക്രമ സംഭവവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗിനെതിരെ ബി ജെ പി രംഗത്തെത്തി. ബി ജെ പി പ്രവര്‍ത്തകരെ ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്നും അക്രമം കാണിക്കുന്ന പ്രവര്‍ത്തകരെ നിലയ്ക്കു നിര്‍ത്താന്‍ മുസ്ലീംലീഗ് നേതൃത്വം തയ്യാറാകണമെന്നും ബി ജെ പി ബദിയഡുക്ക മണ്ഡലം പ്രസിഡണ്ട് എം ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബദിയഡുക്കയിലും പരിസരത്തുമുള്ള തട്ടുകടകളും ചെറുകിട സ്റ്റോറുകളും കേന്ദ്രീകരിച്ച് ലഹരി പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പും ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ബി ജെ പി തയ്യാറാകുമെന്നും ഗോപാലകൃഷ്ണൻ അറിയിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page