ചരിത്രകാരന്‍ കെ.എന്‍ പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: ചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നവതി ആഘോഷിക്കാനിരിക്കെയാണ് വിയോഗം. വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ക്ക് പലപ്പോഴും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. 2017 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു.

ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കന്ററി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയശേഷം രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ മോഡേണ്‍ ഹിസ്റ്ററി പ്രൊഫസറായിരുന്നു. പല വിദേശ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊളോണിയല്‍ ഇന്ത്യയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ ചരിത്രത്തെക്കുറിച്ച് അദ്ദേഹം ഒരുപാട് എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ നോര്‍ത്ത് ഇന്ത്യ (1968), എഗൈന്‍സ്റ്റ് ലോര്‍ഡ് ആന്‍ഡ് സ്റ്റേറ്റ്: റിലീജിയന്‍ ആന്‍ഡ് പെസന്റ് അപ്റൈസസ് ഇന്‍ മലബാര്‍, 1836-1921 (1989), കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നെസ് ഇന്‍ മോഡേണ്‍ ഇന്ത്യ (1970), നാഷണല്‍ ആന്‍ഡ് ലെഫ്റ്റ് മൂവ്മെന്റ്സ് ഇന്‍ ഇന്ത്യ (1980), കമ്മ്യൂണലിസം ഇന്‍ ഇന്ത്യ: ഹിസ്റ്ററി, പൊളിറ്റിക്സ് ആന്‍ഡ് കള്‍ച്ചര്‍ (1991) എന്നിവയാണ് പ്രസിദ്ധീകരണങ്ങള്‍.

പെസന്റ് പ്രൊട്ടസ്റ്റ് ആന്‍ഡ് റിവോള്‍ട്ട്സ് ഇന്‍ മലബാര്‍ (1990), ടുവാര്‍ഡ്സ് ഫ്രീഡം, 1940: എ ഡോക്യുമെന്ററി ഹിസ്റ്ററി ഓഫ് ദി ഫ്രീഡം സ്ട്രഗിള്‍ എന്നീ രണ്ട് സ്രോതസ്സ് വാല്യങ്ങളും അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. സഹപാഠിയായിരുന്ന രാജസ്ഥാന്‍ സ്വദേശിനി അന്തരിച്ച ഉഷാ ഭാര്‍ഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കള്‍.

ചൊവ്വാഴ്ച പത്ത് മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ട് നാലുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page