നാരായണന്‍ പേരിയ
പോക, പോക, പോക നാം- കാസര്‍കോട് തളങ്കരയില്‍ പിറന്ന് വളര്‍ന്ന കവി ഉബൈദിന്റെ കവിത ചൊല്ലിക്കൊണ്ട് നഗരസഭാ ഉപാധ്യക്ഷന്‍ കെ എം ഹനീഫ് ബജറ്റ് അവതരിപ്പിച്ചു. ഒരു കൊല്ലം കൊണ്ട് നഗരസഭാ പരിധിയ്ക്കകത്ത് സംഭവിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്തെല്ലാമാണ് എന്ന് അറിയിച്ചു. അടിമുടി പൊളിച്ചെഴുത്ത്.
143.02 കോടി രൂപ വരവുണ്ടാകും. അതില്‍ നിന്ന് 126.65 കോടി രൂപ ചെലവാക്കും- വിവിധ പൊളിച്ചു പണിയലുകള്‍ക്കായിട്ട്. വര്‍ഷാവസാനം പെട്ടി കാലിയാവില്ല- 16.36 കോടി രൂപ ബാക്കിയുണ്ടാകും. ആശ്വസിക്കാന്‍ വകയുള്ള ബജറ്റ്. വര്‍ത്തമാന പത്രങ്ങള്‍ അറിയിച്ചത്. (പൊളിച്ചെഴുത്താകുമോ എന്ന് കണ്ടറിയാം).
നഗരത്തില്‍ വന്നിറങ്ങുന്നത് ബസ്സ്റ്റാന്റിലാണല്ലോ- പഴയ ബസ്സ്റ്റാന്റിലും പുതിയതിലും. രണ്ടിടത്തും ഷോപ്പിങ് കോംപ്ലക്സുകളുണ്ട്- രണ്ടു നില കെട്ടിടങ്ങളാണെങ്കിലും, കുറേക്കാലമായി ഷോപ്പിങ് നടക്കുന്നത് താഴെ മാത്രം. പഴയ ബസ്സ്റ്റാന്റിലെ കെട്ടിടത്തിന്റെ മുകളിലോട്ട് കയറാന്‍ മുതിരേണ്ടാ- എന്തും സംഭവിക്കാം. പുതിയ ബസ്സ്റ്റാന്റില്‍ ഒന്നാം നിലയിലേയ്ക്ക് കയറാം. ചെറുകിട വ്യാപാരങ്ങള്‍ പേരിനെങ്കിലും നടക്കുന്നുണ്ട്. ബഹു ലക്ഷങ്ങള്‍ ചെലവഴിച്ച് രണ്ട് ബസ്സ്റ്റാന്റിലും പടുത്തുയര്‍ത്തിയ കടമുറികള്‍ മിക്കതും ഒഴിഞ്ഞു കിടക്കുന്നു. വാടകയിനത്തില്‍ കിട്ടേണ്ട പണം- നഗരസഭയുടെ തനത് വരുമാനം ആവിയായിപ്പോയി. ഇതു തന്നെ മറ്റ് പല നിര്‍മ്മിതികളുടെയും ദുരവസ്ഥ. അത് തിരുത്തപ്പെടും. പുതിയ ഭരണ സമിതിക്കുവേണ്ടി ഉപാധ്യക്ഷന്‍ അറിയിക്കുന്നു.
എല്ലാം പുനഃരുദ്ധരിക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്ന രണ്ടു നിലകളിലെ കടമുറികള്‍ വാടകയ്ക്ക് നല്‍കാന്‍ സജ്ജമാക്കും എന്ന് പറയുന്നു. ലിഫ്റ്റ് സൗകര്യത്തോടെ. പടികള്‍ കയറേണ്ടതില്ല. താഴെ പടിയില്‍ കയറി നിന്ന് സ്വിച്ച് അമര്‍ത്തിയാല്‍ മതി. ഉദ്ദിഷ്ട സ്ഥാനത്ത് എത്താം. കൂടാതെ എ സി ഡോര്‍ മിറ്ററിയും വിഭാവം ചെയ്യുന്നുണ്ടത്രേ.
പഴയ ബസ്സ്റ്റാന്റ് കോംപ്ലക്സ് നവീകരിക്കാന്‍ പദ്ധതി- നവീകരിക്കുകയോ, പുനരുദ്ധരിക്കുകയോ ചെയ്യുന്നതിനു പകരം നിലവിലുള്ളത് തകര്‍ത്ത് പുതിയൊരു നിര്‍മ്മാണത്തിനൊരുങ്ങുന്നതായിരിക്കും നല്ലത്. പുതിയ നഗര സാരഥികള്‍ ആലോചിക്കണം. ദൂരക്കാഴ്ചയോടെ വേണം പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍. എന്തിന്? എങ്ങനെ? ചിന്തിക്കണം.
മത്സ്യമാര്‍ക്കറ്റ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും- പത്തു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണ വേളയില്‍ എന്തെല്ലാം പ്രതീക്ഷകളായിരുന്നു! അവകാശവാദങ്ങളോ? ഉദ്ഘാടനത്തെത്തുടര്‍ന്ന് മാര്‍ക്കറ്റിന്റെ മുന്‍വശത്ത് ചുമരില്‍ എഴുതി വെച്ചത് മാഞ്ഞതോ മായ്ച്ചതോ? അവകാശവാദങ്ങളില്‍ ഒന്നെങ്കിലും യാഥാര്‍ത്ഥ്യമായിട്ടുണ്ടോ? മത്സ്യവില്‍പ്പനക്കാരികളുടെ ദുരിതങ്ങള്‍ക്ക് അറുതിയില്ല. അവരുടെ കൂടി നികുതിപ്പണവും, അവര്‍ക്കും അവകാശപ്പെട്ട സര്‍ക്കാര്‍ ഫണ്ടും- ബഹുകോടികളാണ് പാഴായത്.
നഗരസഭയുടെ അധീനതയിലുള്ള പാലികാഭവന്‍ പുനരുദ്ധാരണം നടത്തി, മറ്റ് ജില്ലകളില്‍ നിന്നും ഇവിടെ ജോലിക്കെത്തുന്ന വനിതകളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കുമെന്ന് പറയുന്നു; ഉദ്യോഗാര്‍ത്ഥികള്‍ക്കോ, ഉദ്യോഗസ്ഥകള്‍ക്കോ? വ്യക്തമല്ല, എന്താണ് ഉദ്ദേശിക്കുന്നത്?.
ഓപ്പണ്‍ ലൈബ്രറി- മറ്റൊരു പദ്ധതി. നിലവിലുള്ള മുനിസിപ്പല്‍ ലൈബ്രറിയുടെ അവസ്ഥയെന്ത്? അങ്ങോട്ട് ആരെങ്കിലും വായിക്കാന്‍ പോകുന്നുണ്ടോ? എന്തൊക്കെയോ, പൊളിക്കുന്നതും കെട്ടുന്നതും കാണാം. കരാറുകാര്‍ക്കുവേണ്ടിയുള്ള ഭരണം- അതാണോ നഗരസഭാ ഭരണം? ബജറ്റ്?
സ്വപ്ന പദ്ധതികളില്‍ മറ്റ് ചിലത് കാസര്‍കോടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പൈതൃകങ്ങളും വിളിച്ചോതുന്ന ചിത്രങ്ങള്‍ ഓപ്പണ്‍ ലൈബ്രറിയില്‍ സജ്ജീകരിക്കും. പഴയ ലൈബ്രറിയിലുണ്ടായിരുന്ന അമൂല്യ ഗ്രന്ഥങ്ങളുടെ (അവയില്‍ എത്രയെണ്ണം ബാക്കിയുണ്ട് എന്നറിയില്ല) സംരക്ഷണത്തിനുതകുന്ന പദ്ധതിയുണ്ടോ? നഗരസഭാ കാര്യാലയത്തില്‍ നിന്നും ഒരു വിളിപ്പാടകലെയാണല്ലോ പഴയ മുനി ലൈബ്രറി. സന്ധ്യാരാഗം ഓഡിറ്റോറിയം തൊട്ടടുത്ത്. എന്തുദ്ദേശ്യത്തോടെയാണ് അത് നിര്‍മ്മിച്ചത്. വല്ലപ്പോഴും ഒരു പരിപാടിയുണ്ടാകും. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രകൃതിയുടെ ഒന്നാം വിളി കേള്‍ക്കാനിടയായാല്‍ പിടിച്ചു നിര്‍ത്തേണ്ടി വരും. അതിനുള്ള പരിഹാരം എന്ന ചിന്തയേ ഇല്ലല്ലോ ഒരിടത്തും? വൃത്തിയുള്ള ശുചിമുറി?
നായക്സ് റോഡിന്റെ വീതി കൂട്ടും- മറ്റൊരു പദ്ധതി. അത് സാധ്യമാകുമോ?സ്ഥല പരിമിതി കൈപിടിക്കില്ലേ?നഗരത്തിലെ- നഗരസഭയുടെ അധികാര പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ- ജനങ്ങളെ വളരെക്കാലമായി ശ്വാസം മുട്ടിക്കുന്ന പ്രശ്നം- മാലിന്യം- അത് പുതിയ ഭരണാധികാരികളെയും അലട്ടുന്നേയില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജനം ഏത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആദ്യ പരിഗണനയില്‍പ്പെടേണ്ടത്. മുമ്പ് കേളുഗുഡ്ഡെ ഉണ്ടായിരുന്നു. മറ്റൊരിടം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് -മാലിന്യ സംസ്‌ക്കരണത്തിനും ഉചിതമായ ഒരിടം- കണ്ടെത്തുന്ന കാര്യം- ഭരണം കൈയൊഴിഞ്ഞുപോയവര്‍ അവഗണിച്ചത്- പുതിയ സാരഥികളും അതേ വഴിക്കോ?
കോടികളുടെ ബഹുപദ്ധതികള്‍ വിഭാവന ചെയ്യുമ്പോള്‍ ഇക്കാര്യം ആലോചനയിലേ ഇല്ല!
പോക പോക പോക നാം- എങ്ങോട്ട്?







