കൊച്ചി: വിവാഹം കഴിക്കാന്‍ വീട്ടുകാരും നാട്ടുകാരും സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെ പെണ്‍കുട്ടി തലമൊട്ടയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തലമൊട്ടയടിച്ചു നില്‍ക്കുന്ന ചിത്രം പെണ്‍കുട്ടി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്. ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിക്കണമെന്നാണ് നാട്ടുനടപ്പ്. അതിന് വേണ്ടി നിര്‍ബന്ധം ശക്തമായതോടെയാണ് വിവാഹത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പെണ്‍കുട്ടി തലമട്ടയടിച്ചതെന്ന് പറയുന്നു.
തനിക്ക് തന്റെ മുടി ഏറെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ വിവാഹത്തിനായി വീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ സഹിക്കാനാവാതെയാണ് കടുത്ത തീരുമാനമെടുത്തതെന്ന് പെണ്‍കുട്ടി പറയുന്നു. ‘പെണ്ണ്’ എന്നാല്‍ മുടി വേണം എന്നാണല്ലോ കാഴ്ച്ചപ്പാട്. അപ്പോള്‍ ആ മുടി വെട്ടിയാല്‍ പ്രശ്‌നമില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.
തന്റെ പുതിയ രൂപം കണ്ട് ആളുകള്‍ തുറിച്ച് നോക്കുന്നതിനെയും പെണ്‍കുട്ടി വീഡിയോയില്‍ ചോദ്യം ചെയ്യുന്നുണ്ട്. പുരുഷന്മാര്‍ ഇത്തരം മാറ്റം വരുത്തുമ്പോള്‍ ഉണ്ടാകാത്ത എന്ത് പ്രശ്‌നമാണ് താന്‍ തല മൊട്ടയടിച്ചപ്പോള്‍ ഉണ്ടായത് എന്ന് യുവതി ചോദിക്കുന്നു. ആരുടെയും സഹതാപം പിടിച്ചുപറ്റാനല്ല താന്‍ തലമൊട്ടയടിച്ചത്. ഇതുപോലെ സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സ്വന്തം ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ധൈര്യം നല്‍കുകയാണ് തന്റെ ഉദ്ദേശമെന്നും പെണ്‍കുട്ടി വിശദീകരിച്ചു.
‘ഒരിക്കല്‍ ജീവിതം കൈവിട്ടുപോയാല്‍ പിന്നെ ആരും നിങ്ങളെ അന്വേഷിച്ചു വരില്ല. അതുകൊണ്ട് മുന്നോട്ട് പോവുക, അതിനായി എന്ത് ചെയ്യേണ്ടി വന്നാലും അത് ചെയ്യുക’ എന്നു യുവതി മുന്നറിയിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു.






