തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്ത്. മന്ത്രിയെ വാളകത്തെ വീട്ടില്‍ വളരെ മോശം സാഹചര്യത്തില്‍ ഒരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഗണേഷ് കുമാറുമായി അടുപ്പമുള്ള പലര്‍ക്കും അത് അയച്ചുകൊടുത്തിട്ടുണ്ടെന്നും ബിന്ദു മേനോന്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ വീട്ടിലായിരുന്നു സംഭവം.
ഗണേഷും താനും തമ്മില്‍ കഴിഞ്ഞ കുറച്ചുകാലമായി അത്ര രസത്തിലായിരുന്നില്ലെന്ന് ബിന്ദു മേനോന്‍ പറയുന്നു. മാധ്യമങ്ങളുടെ മുന്നില്‍ തനിക്കെതിരെ ഗണേഷ് കുമാര്‍ പറഞ്ഞതു കൊണ്ടാണ് താന്‍ എല്ലാം തുറന്ന് പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.
മന്ത്രിയുടെ ഫോട്ടോ തന്റെ കൈയിലുണ്ടെന്ന് മനസിലായതോടെ അത് കൈക്കലാക്കാനായി തന്റെ ഫോണ്‍ പിടിച്ചുമാറ്റാന്‍ ശ്രമം നടന്നുവെന്നും തന്നെ വീട്ടില്‍ പൂട്ടിയിട്ടുവെന്നും ബിന്ദു പറയുന്നു. അവിടെ നിന്ന് രക്ഷപ്പെടാനാണ് ബിജെപി കൗണ്‍സിലറായ ശ്രീലേഖയെ വിളിക്കുന്നത്. അവര്‍ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോന്‍ പറഞ്ഞു. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാതെ വാതില്‍ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ഗണേഷിന്റെ മുറിയിലുണ്ടായിരുന്ന സ്ത്രീയെ കാറില്‍ കയറ്റി വിട്ടു.
സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. പൊലീസ് വന്നെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഗണേഷ് കുമാര്‍ മാധ്യമങ്ങളുടെ മുന്നില്‍ തനിക്കെതിരെ സംസാരിച്ചതുകൊണ്ടാണ് എല്ലാം തുറന്ന് പറയുന്നതെന്ന് അവര്‍ വ്യക്തമാക്കി.
സാറിന് തെറ്റ് പറ്റിപ്പോയി എന്നാണ് സ്റ്റാഫുകള്‍ പറഞ്ഞത്. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായി. മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത് സഹായിയായ ശാന്തന്‍ ആണ്. പ്രദീപ് ആണ് വാതില്‍ അടച്ചത്. സഹായിയായ ശാന്തന്‍ ആണ് സ്ത്രീയെ കാറില്‍ കയറ്റി കൊണ്ടുപോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടില്‍ സ്ത്രീയെ കണ്ടതിനെല്ലാം തെളിവുകള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോന്‍ പറഞ്ഞു.
വിവാഹബന്ധത്തില്‍ വര്‍ഷങ്ങളായി പ്രശ്‌നം നിലനില്‍ക്കുകയാണ്. ശ്രീലേഖ പ്രശ്‌നപരിഹാരത്തിനായി 2019ലും ഇടപെട്ടിരുന്നു. മന്ത്രിയായതിന് ശേഷം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല സ്ത്രീകളുടെയും പേരില്‍ വഴക്കുകളുണ്ടായിട്ടുണ്ടെന്നും തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും അവര്‍ വെളിപ്പെടുത്തി. താന്‍ ഗണേഷ് കുമാറുമായി ബന്ധമുള്ള സ്ത്രീകളെ വിളിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ബിന്ദു മേനോന്‍ പറയുന്നു.






