ഒരാഴ്ച മുമ്പ് വാടകയ്ക്ക് താമസിക്കാനെത്തിയ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയില്‍

കോട്ടയം: ഒരാഴ്ച മുമ്പ് വാടകയ്ക്ക് താമസിക്കാനെത്തിയ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം തോണിപ്പാറയില്‍ ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മാന്നാര്‍ സ്വദേശി സാജന്‍, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.

മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഉടമ വന്നു നോക്കിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുടമ ദമ്പതികളെ വീട്ടിലെത്തിച്ച ആളുമായി ബന്ധപ്പെടുകയും അയാള്‍ സ്ഥലത്തെത്തിയശേഷം ഇരുവരും ചേര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് അകത്തുകയറുകയുമായിരുന്നു. ഹാളില്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന ദമ്പതികളെയാണ് അവര്‍ കണ്ടത്.

ദമ്പതികള്‍ വന്നതിന് ശേഷം വീട്ടിനുള്ളില്‍ നിന്നും ബഹളം കേള്‍ക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പൊലീസിനെ അറിയിച്ചു. ഇവര്‍ക്ക് കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കളും പറഞ്ഞു. അതേസമയം ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊന്‍കുന്നം പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page