ശുചിമുറിയില്‍ വെള്ളമില്ല, വഴിനീളെ മാലിന്യം, സുരക്ഷാ വീഴ്ചയും; രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ബംഗാള്‍ സന്ദര്‍ശനം വിവാദത്തില്‍

കൊല്‍ക്കത്ത: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ബംഗാള്‍ സന്ദര്‍ശനം വിവാദത്തില്‍ കലാശിച്ചു. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ള പ്രമുഖര്‍ എത്താത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ രാഷ്ട്രപതിക്ക് അനുവദിച്ച ശുചിമുറിയില്‍ വെള്ളമുണ്ടായിരുന്നില്ലെന്നും വഴിനീളെ മാലിന്യം തള്ളിയെന്നുമുള്ള ആരോപണവും ഉയര്‍ന്നു. സുരക്ഷാ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം മറുപടി ആവശ്യപ്പെട്ടു.

പ്രോട്ടോക്കോള്‍, വേദി, റൂട്ട് ക്രമീകരണങ്ങള്‍ എന്നിവ നിയന്ത്രിക്കുന്ന ‘ബ്ലൂ ബുക്ക്’ നിയമങ്ങള്‍ ലംഘിച്ചതായും വിശദമായ വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

ബാഗ് ദോഗ്ര വിമാനത്താവളത്തിന് സമീപമുള്ള ആദിവാസി സമൂഹ പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ പ്രസിഡന്റ് മുര്‍മു അനിഷ്ടം പ്രകടിപ്പിക്കുകയും ബിധാന്‍നഗറില്‍ നിന്ന് വേദി മാറ്റാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും മന്ത്രിമാരുടെയും അഭാവവും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ സിലിഗുരി മേയര്‍ ഗൗതം ദേബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

‘മമത ബാനര്‍ജി എന്റെ അനിയത്തിയെപ്പോലെയാണ്, ഞാനും ബംഗാളിന്റെ മകളാണ്, എന്നാല്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് എന്നെ കാണാന്‍ വരാത്തതെന്ന് അത്ഭുതം തോന്നുന്നു, ജനങ്ങള്‍ക്ക് വരാന്‍ ബുദ്ധിമുട്ടുള്ള ഇടത്തേക്ക് പരിപാടി മാറ്റിയത് ആദിവാസി ക്ഷേമം സര്‍ക്കാര്‍ ആഗ്രഹിക്കാത്തത് കൊണ്ടാവാം’ -രാഷ്ട്രപതി പറഞ്ഞു.

ആരോപണവിധേയമായ നിയമലംഘനങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദികളായ ഡാര്‍ജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, സിലിഗുരി പൊലീസ് കമ്മീഷണര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിലിഗുരിയിലെ ബിധാന്‍നഗറില്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന ആദിവാസി സമൂഹത്തിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളും ലോജിസ്റ്റിക് കാരണങ്ങളും ചൂണ്ടിക്കാട്ടി അധികൃതര്‍ ബാഗ്‌ദോഗ്ര വിമാനത്താവളത്തിനടുത്തുള്ള ഗോഷായ്പൂരിലേക്ക് വേദി മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രസിഡന്റ് മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെയുണ്ടായതായി ആരോപിക്കപ്പെടുന്ന വീഴ്ചകള്‍ നിര്‍ഭാഗ്യകരമെന്ന് വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page