കൊച്ചി: തട്ടിപ്പ് കേസിൽ അമ്മയും മകളും അറസ്റ്റിലായി. 28 തട്ടിപ്പ് കേസുകളിലെ പ്രതി പൂമ്പാറ്റ സിനി ,.രണ്ടാം വിവാഹത്തിലെ മകൾ അശ്വനി എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. മകൾക്ക് ജോലി വാഗ്ദാനം ചെയ്തു ചെറായി സ്വദേശിയിൽ നിന്ന് സ്വർണാഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്. പൂമ്പാറ്റ സിനിയും മകളും പള്ളുരുത്തി സ്വദേശികളാണ്. നിരവധി കേസുകളിൽ പ്രതികളായ ഇവർ ഒളിവിലായിരുന്നു. അതിനിടയിൽ പുതുക്കാട് പോലീസ് സ്റ്റേഷനിലെ ഒരു വാറണ്ട് കേസിൽ അറസ്റ്റിൽപ്പെട്ടു.ജാമ്യ ത്തിൽ ഇറങ്ങുന്നതിനിടയിൽ ചാടിവീണ മുനമ്പം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ് പൂമ്പാറ്റ സിനി.കാപ്പ നടപടികളും നേരിട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തൃശൂർ ,എറണാകുളം ജില്ലകളിൽ 28 പണം തട്ടിപ്പ് കേസുകളിലും പൂമ്പാറ്റ സിനി പ്രതിയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു .







