കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ തളിപ്പറമ്പ് മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എതിര്‍പ്പുമായി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി. ശ്യാമളയ്ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. തിങ്കളാഴ്ച മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കാനിരിക്കെയാണ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ്. പി ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. കണ്ണൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റി അംഗീകരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അംഗീകരിച്ചത്.
മട്ടന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല. രണ്ട് ടേം പൂര്‍ത്തിയായെന്നും പാര്‍ട്ടിയുടെ ഉറച്ച സീറ്റായതിനാല്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു പാര്‍ട്ടി. പേരാവൂരില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ്
നല്‍കാമെന്ന് പാര്‍ട്ടി അറിയിച്ചു. തുടര്‍ന്ന് ഈ നിര്‍ദ്ദേശം ശൈലജ അംഗീകരിക്കുകയായിരുന്നു. മട്ടന്നൂരില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, തലശേരിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍ എന്നിവരുടെ പേരുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, സിപിഎം സിറ്റിംഗ് സീറ്റായ തളിപ്പറമ്പില്‍ നിന്ന് എംവി ഗോവിന്ദന്‍ പിന്‍മാറുമ്പോള്‍ പകരം
ഭാര്യയെ മത്സരിപ്പിക്കുന്നതില്‍ പ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പുയരുന്നുണ്ട്. ടിഐ മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കിലും മാറ്റമില്ല. മണ്ഡലം കമ്മിറ്റികളില്‍ കൂടി അവതരിപ്പിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.






