ബോവിക്കാനം: പാലിയേറ്റീവ് സൗഹൃദ പഞ്ചായത്തായും സമ്പൂര്‍ണ ശുചിത്വ ഗ്രാമമായും മുളിയാറിനെ മറ്റിയെടുക്കാനും ടൂറിസത്തിനും ടെക്‌നോ
വ്യവസായത്തിനും പ്രത്യേക പരിഗണ നല്‍കാനും മുളിയാര്‍ പഞ്ചായത്തു ബജറ്റ് നിര്‍ദേശിച്ചു.
വനമേഖലയായ മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ വന-പരിസ്ഥിതി -ജൈവവൈവിധ്യ – ടൂറിസമുള്‍പ്പെടെ മൃഗശാലയും, സ്‌നേയ്ക്ക് പാര്‍ക്കും വിഭാവനം ചെയ്യുന്ന നിര്‍ദ്ദേശങ്ങളെ ഭരണ സമിതി ഐക്യകണ്‌ഠേന സ്വാഗതം ചെയ്തു.
കാര്‍ഷിക വിളവുകള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തി ഇടനിലക്കാരില്ലാതെ വിറ്റ് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ സംവിധാനമൊരുക്കും.
ബേക്കല്‍ ഫെസ്റ്റ് മോഡലില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കലാ കായിക സാംസ്‌കരിക സമിതികളുടെ സഹായത്തോടെ മുളിയാര്‍ ഫെസ്റ്റ് നടത്തും.
പുരാവസ്തു വകുപ്പുമായി സഹകരിച്ച് പൊവ്വല്‍ കോട്ടയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും, പ്ലെ സ്‌കൂളും ആരംഭിക്കും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കാസര്‍കോട് വികസന പാക്കേജ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ യുമായി സഹകരിച്ച് മുതലപ്പാറയില്‍ ആധുനിക രീതിയിലുള്ള ഇന്റര്‍ സ്റ്റേറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
കുട്ടിയാനത്ത് പയസ്വിനി പുഴയില്‍ പാലപൂവന്‍ ആമ സംരക്ഷണ പദ്ധതി ആരംഭിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പരാമര്‍ശിച്ച ഫണ്ട് വിനിയോഗിക്കും.സ്ത്രീ ശാക്തീകരണം ഉറപ്പാക്കും. അംഗ പരിമിതരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കും.
വര്‍ദ്ധിച്ചു വരുന്ന വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജിനായി പരിശ്രമിക്കും.
തെരുവ് പട്ടികളെ പിടികൂടി ആള്‍താമസമില്ലാത്തിടത്ത് പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കും. സാമൂഹിക സുരക്ഷ കേന്ദ്രികൃത പദ്ധതി നടപ്പിലാക്കും.
വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ടെക്‌നോളജി പാര്‍ക്കിന് തുടക്കം കുറിക്കും.
കിടപ്പിലായ രോഗികള്‍, എന്‍ഡോന്‍ഫാന്‍ ദുരിതബാധിതര്‍ എന്നിവരെ നോക്കാനും വീട്ടുകാരെ സഹായിക്കുന്നതിനും വളണ്ടിയര്‍ സേന രൂപീകരിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ബോവിക്കാനം ടൗണ്‍ നവീകരണവും സൗന്ദര്യവല്‍ക്കരണവും വ്യത്യസ്ഥ ഫണ്ടുകളുടെ സഹായത്തോടെ പ്രത്യേക പരിഗണന നല്‍കും.
16.5 കോടി രൂപയുടെ മിച്ച ബജറ്റ് വൈസ് പ്രസിഡണ്ട് സി കെ പുഷ്പ കുമാരി അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മാരായ ഹനീഫ പൈക്ക, നഫീസ മുഹമ്മദ് കുഞ്ഞി, അനീസ മന്‍സൂര്‍ മല്ലത്ത്, പഞ്ചായത്ത് അംഗങ്ങളായ റുഷ്ദ റസാഖ്, ആയിഷ റഹിമാന്‍, ലുബ്‌ന മുനീര്‍, അനന്യ, ഉല്ലാസ്, നിമ്യ മനോജ്, രേണുക ടി., പ്രഭാകരന്‍ കെ, ഇ മോഹനന്‍, ജയകൃഷ്ണന്‍ , രമേശന്‍ മുതലപ്പാറ, മിസിരിയ്യ റഫീഖ്, നസീര്‍ മൂലടുക്കം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബി.എം. അബൂബക്കര്‍,ആസൂത്രണ സമിതി അംഗങ്ങള്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ പ്രേമലത സ്വാഗതം പറഞ്ഞു.







