കാസര്‍കോട്: സാമ്പത്തിക പ്രശ്‌നത്തെത്തുടര്‍ന്നാണെന്നു പറയുന്നു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. ഉദുമ, ബാര മാങ്ങാട് ഹൗസിലെ എം.അഹമ്മദ് യൂസഫി (24)ന്റെ പരാതിയില്‍ കാസര്‍കോട്, ചൂരിയിലെ ലാസിം ദൈന്‍, കണ്ടാലറിയാവുന്ന മറ്റു മൂന്നുപേര്‍ എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വൈകുന്നേരം അഞ്ചു മണിക്ക് മാങ്ങാട്, ചോയിച്ചിങ്കാലില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നു പരാതിക്കാരനെ ലാസിം കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് തടങ്കലില്‍ വെക്കുകയും ബാറ്റ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. കാറില്‍ വച്ചും പിന്നീട് അഡുക്കത്തു ബയലില്‍ എത്തിച്ചും മര്‍ദ്ദിക്കുകയും അതിനു ശേഷം കുമ്പള ഭാഗത്തേക്ക് കൊണ്ടു പോയി മറ്റു മൂന്നു പേരെ കൂട്ടി വീണ്ടും മര്‍ദ്ദിക്കുകയും അതിനു ശേഷം രാത്രി മേല്‍പ്പറമ്പ് ടൗണില്‍ ഇറക്കിവിടുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.






