മലപ്പുറം: ചത്ത കോഴികളെ വില്‍പനയ്ക്ക് വച്ച കടയ്ക്ക് നഗരസഭ പൂട്ടിട്ടു. കോട്ടക്കല്‍ നഗരസഭയിലെ ഇന്ത്യനൂരിലെ ചിക്കന്‍ സ്റ്റാള്‍ ആണ് നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിച്ചത്. ചത്ത കോഴികളെ ഇവിടെ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികൃതരുടെ കണ്ടെത്തല്‍. 25 പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിരവധി കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതില്‍ പലതും പുഴുവരിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായിരുന്നു.
പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഹെല്‍ത്ത് വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും ഹോട്ടലുകളിലും ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.






