കോഴിക്കോട്: പഴയ ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യത്തെ നൂറുപേര്‍ക്ക് ഷൂ സമ്മാനമായി നല്‍കുമെന്ന ഓഫറിന് പിന്നാലെ ചെരിപ്പ് കടയ്ക്ക് മുന്നില്‍ വന്‍ തിക്കും തിരക്കും സംഘര്‍ഷവും. കോഴിക്കോട് മാനാഞ്ചിറയിലാണ് സംഭവം. ‘ട്രെന്‍ഡ് ഫാക്ടറി’ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവെച്ചത്. ഓഫറില്‍ ചെരിപ്പ് സമ്മാനം ലഭിക്കാന്‍, ഉദ്ഘാടന ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പ്രായഭേദമന്യേ നിരവധി ആളുകള്‍ കടയുടെ പരിസരത്ത് ഒരുരൂപയുടെ നോട്ടുമായി എത്തിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. എത്തിയവരില്‍ ഭൂരിഭാഗവും കുട്ടികളാണ്.
രാവിലെ പത്തുമണിക്ക് എത്തണമെന്നായിരുന്നു ഓഫറില്‍ പറഞ്ഞിരുന്നതെങ്കിലും പുലര്‍ച്ചെ രണ്ടുമണിയോടെ ആളുകളെത്തിത്തുടങ്ങി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെവന്നതോടെ ഉടമകള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ആളുകളെ പിരിച്ചുവിടാനും തിക്കും തിരക്കും ഒഴിവാക്കാനും ലാത്തിച്ചാര്‍ജ് ചെയ്യുകയും ചെയ്തു. ലാത്തിച്ചാര്‍ജ്ജില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിന് ശേഷം സ്ഥാപനത്തിന്റെ ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് കട തുറക്കില്ലെന്ന് കടയുടമയെ കൊണ്ട് പൊലീസ് കടയ്ക്ക് മുന്നില്‍ ബോഡുവയ്പ്പിച്ചു. ഇതോടെ കുട്ടികള്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ഒരു രൂപയുമായി ഷൂ വാങ്ങാനെത്തിയ ആര്‍ക്കും ഷൂ കിട്ടിയില്ലെന്ന് അറിഞ്ഞതോടെയാണ് കുട്ടികള്‍ പ്രതിഷേധിച്ചത്. വാശി പിടിച്ച കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ പിന്തുണ നല്‍കി. അവരും ഒരു രൂപ നോട്ടുമായി ഷൂ വാങ്ങാനെത്തിയതായിരുന്നു. പഴയ ഒരു രൂപാ നോട്ടുമായി ആദ്യമെത്തുന്ന നൂറുപേര്‍ക്ക് ഷൂ സമ്മാനമായി നല്‍കുമെന്നും അതിനുശേഷമുള്ള നൂറുപേര്‍ക്ക് വാച്ച്ന ല്‍കുമെന്നുമായിരുന്നുവാഗ്ദാനം. ആളുകളെ കൂട്ടുന്നതിന് കടയുടമകള്‍ പൊള്ളയായ വാഗ്ദാനം ചെയ്ത് പറ്റിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.






