വര്‍ക്കല: കുഞ്ഞിനെ കാണിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വിളിച്ചുവരുത്തി കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വര്‍ക്കലയില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ ഭര്‍ത്താവ് സിജുസോമനെതിരെയാണ് പൊലീസ് കേസെടുത്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞുതാമസിക്കുകയാണ് ദമ്പതികള്‍.
കുഞ്ഞിനെ കാണിക്കാമെന്ന് പറഞ്ഞാണ് സിജു ഭാര്യയെ വിളിച്ചുവരുത്തിയത്. മകന് ഭക്ഷണവുമായെത്തിയ യുവതിയോട് റോഡില്‍ നിന്ന് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയെന്ന് ചോദിച്ച് കാറില്‍ കയറ്റുകയായിരുന്നു. കാറിനകത്ത് കയറിയ യുവതിയുടെ വായില്‍ തുണി തിരുകിയശേഷം ക്രൂരമായി മര്‍ദ്ദിച്ചു. ഡോറുകളും വിന്‍ഡോ ഗ്ലാസുകളും ലോക്ക് ചെയ്ത ശേഷമായിരുന്നു മര്‍ദ്ദനം. ഗ്ലാസുകളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ മര്‍ദിക്കുന്നത് പുറത്തുള്ളവര്‍ക്ക് കാണാനും കഴിഞ്ഞിരുന്നില്ല.
ഇതിനിടെ ഏറെനേരമായി റോഡരുകില്‍ നിര്‍ത്തിയിരുന്ന കാര്‍ നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു. അത്യാഹിതം സംശയിച്ച നാട്ടുകാര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യുവാവ് കാര്‍ മുന്നോട്ടെടുത്തു. വീണ്ടും നിര്‍ത്തിയതോടെ നാട്ടുകാര്‍ കൂട്ടം കൂടി. മറ്റു നിവൃത്തി ഇല്ലാതെ യുവാവ് കാര്‍ തുറക്കുകയും ഇതോടെ യുവതി പുറത്തേക്ക് ചാടുകയുമായിരുന്നു. കഴുത്തിലും മുഖത്തും പരിക്കേറ്റ് അവശ നിലയിലായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.







