വാണിമേല്‍: പാലം ഉദ്ഘാടനത്തിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ട തല്ല്. കോഴിക്കോട് വാണിമേലില്‍ ഇന്ന് രാവിലെയാണ് സംഭവം. പക്വായി പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. പാലത്തിന്റെ ഒരു ഭാഗത്തു അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനെതിരെ ഉദ്ഘാടന സമയത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. വാണിമേല്‍ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണ് പക്വായി പാലം. 2018ലെ പ്രളയ സമയത്താണ് ഈ പാലം തകര്‍ന്നത്.
ഇകെ വിജയന്‍ എംഎല്‍എയാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വാണിമേല്‍ പഞ്ചായത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെ പണി പൂര്‍ണമായി കഴിഞ്ഞിരുന്നു. എന്നാല്‍ നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഉദ്ഘാടനം നടത്തിയതാണ് അതൃപ്തിക്ക് കാരണം. ഇതിനെതിരെ മേഖലയില്‍ പ്രതിഷേധക്കൂട്ടായ്മയും നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതിഷേധക്കൂട്ടായ്മ നടക്കുന്ന പരിസരത്ത് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.







