മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എ.വി.ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍; നിയമനത്തില്‍ സന്തോഷമെന്ന് ഗോപിനാഥ്

പാലക്കാട്: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എ.വി.ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകും. ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. നിയമനത്തില്‍ സന്തോഷം, താന്‍ ഗുരുവായൂരപ്പന്റെ ഭക്തനാണ്, തൊട്ടടുത്ത ദിവസം തന്നെ ചുമതലയേല്‍ക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ഇതേക്കുറിച്ച് സംസാരിച്ചു, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും, ഇനി എന്നും സിപിഎമ്മിനൊപ്പമെന്നും എവി ഗോപിനാഥ് പറഞ്ഞു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ.വി.കെ. വിജയന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. പെരിങ്ങോട്ടു കുറുശി സ്വതന്ത്ര വികസന മുന്നണി (ഐഡിഎഫ്) നേതാവായ എ.വി.ഗോപിനാഥിനെ, മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം പ്രഖ്യാപിച്ചത്.

പാലക്കാട്ടെ സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള എവി ഗോപിനാഥിന്റെ തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ നിയമനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചിട്ടും തന്നെ തോല്‍പ്പിച്ചതിന് പിന്നില്‍ സിപിഎമ്മിലെ ചില നേതാക്കളാണെന്ന് എവി ഗോപിനാഥ് തുറന്നടിച്ചിരുന്നു.

പെരിങ്ങോട്ടുകുറിശിയില്‍ സ്വതന്ത്ര ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫുമായി സഖ്യം ചേര്‍ന്നാണ് എവി ഗോപിനാഥ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരില്‍ മത്സരിച്ച എവി ഗോപിനാഥ് 134 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page