കായംകുളം: ഉത്സവ പറമ്പില്‍ ചെറുപൊതികളിലാക്കി ലഹരി വില്‍പന നടത്തിവന്നിരുന്ന പ്രവാസി യുവാവ് പിടിയില്‍. പത്തിയൂര്‍ അമര്‍നാഥ് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് ലഹരി വില്‍പ്പന നടത്തിവന്നിരുന്ന റിയാസ് (31) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരീലകുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന നാല് ഗ്രാം എം ഡി എം എയും 250 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന റിയാസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. പിന്നീട് ലഹരി ഉപയോഗത്തിലേക്കും കച്ചവടത്തിലേക്കും തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ചു നാളായി ജില്ലയ്ക്ക് പുറത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ അവിടെ നിന്നു 2000 രൂപയ്ക്ക് എം ഡി എം എ വാങ്ങി നാട്ടില്‍ 5000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കഞ്ചാവ് ചെറുപൊതികളാക്കി 500 രൂപയ്ക്കും ഇയാള്‍ വില്‍പ്പന നടത്തിവരുന്നു.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. കായംകുളം ഡി വൈ എസ് പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ കരീലകുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നോബിള്‍ പി ജെ, എസ് ഐ മാരായ ശ്രീകുമാരകുറുപ്പ്, ബിജേഷ് നെല്‍സണ്‍, സീനിയര്‍ സി പി ഒ സുരേഷ്, സി പി ഒ മാരായ ശരത്കുമാര്‍, വിഷ്ണു, ജയകൃഷ്ണന്‍, സുധിക എന്നിവരും നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.







