ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ പാലമായ ആലപ്പുഴ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 1455.40 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ കാല്‍നടയ്ക്ക് പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ സുരക്ഷിതമായ നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്. കായലിലൂടെയുള്ള ജലഗതാഗതത്തിന് തടസവുമുണ്ടാകാത്ത വിധത്തില്‍ 55 മീറ്റര്‍ നീളമുള്ള മൂന്ന് ബോസ്ട്രിംഗ് ആര്‍ച്ച് സ്പാനുകളും 35 മീറ്റര്‍ നീളമുള്ള 27 സ്പാനുകളും ഉണ്ട്. 106 കോടി രൂപ ചെലവിലാണ് കായലിന് കുറുകെ പാലം നിര്‍മിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. നടന്‍ മമ്മൂട്ടിയും ഉദ് ഘാടനത്തിനെത്തിയിരുന്നു.
പെരുമ്പളം ദ്വീപ് നിവാസികളുടെ ദീര്‍ഘകാലത്തെ മുറവിളിയെ തുടര്‍ന്നാണ് പെരുമ്പളം പാലം നിര്‍മ്മിച്ചത്.
2019ലാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്. ഉദ്ഘാടനം കഴിഞ്ഞ ഉടനെ ദ്വീപില്‍ നിന്ന് പാലത്തിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ രണ്ടുബസ് സര്‍വീസുകള്‍ ആരംഭിച്ചു. വൈറ്റില, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കുള്ള ഓര്‍ഡിനറി സര്‍വീസുകളാണിവ. താമസിയാതെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.
അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പെരുമ്പളം-പാണാവള്ളി പാലം. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് പദ്ധതി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.
വള്ളങ്ങളെയും ബോട്ടുകളെയും ജങ്കാര്‍ സര്‍വീസുകളെയും മാത്രം ആശ്രയിച്ചിരുന്ന ദ്വീപ് നിവാസികള്‍ക്ക് ഈ പാലത്തിലൂടെ യാത്ര ആരംഭിച്ചത് വലിയ ആശ്വാസമായിട്ടുണ്ട്. ചേര്‍ത്തല-അരൂക്കുറ്റി റോഡിനെയും വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ഈ പാലം.







