കൊച്ചി: ഇറാനിയന്‍ കപ്പല്‍ ഐ ആര്‍ എല്‍ എസ് ലാവന്റെ ദൃശ്യം പകര്‍ത്തിയതിന് കൊച്ചിയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. റിപ്പബ്ലിക് ടിവിയിലെ മാധ്യമ പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കൊച്ചി തുറമുഖത്തുള്ള കപ്പലിന്റെ ദൃശ്യം പകര്‍ത്തരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ദൃശ്യം പകര്‍ത്തിയാല്‍ കടുത്ത നടപടി എടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
വിശാഖ പട്ടണത്തില്‍ സൈനിക അഭ്യാസത്തിനെത്തിയ ഇറാനിയന്‍ പടക്കപ്പലുകളിലൊന്നാണ് ഐ ആര്‍ എല്‍ എസ് ലാവന്‍. മറ്റു രണ്ട് ഇറാന്‍ നാവിക കപ്പലുകളിലൊന്ന് അമേരിക്ക തകര്‍ത്തിരുന്നു. മറ്റൊന്ന് ശ്രീലങ്കന്‍ തുറമുഖത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. കൊച്ചി തുറമുഖത്ത് അടുപ്പിച്ചിട്ടുള്ള ഐ ആര്‍ എല്‍ എസ് ലാവന്റെ യന്ത്ര തകരാറുകള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കപ്പലിലുണ്ടായിരുന്ന 89 ഇറാന്‍ സൈനികരെ സുരക്ഷിത കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് അടുപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറ പേഴ്‌സണ്‍ മണി എന്നിവരാണ് അറസ്റ്റിലായത്.
നിലവില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.







