തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രചരണം ശക്തമായി നിലനില്‍ക്കുന്നതിനിടയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ത്തിയെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസിന്റെ കൈവശം ഉണ്ടായിരുന്ന തൃക്കരിപ്പൂര്‍ മണ്ഡലം 2021 ലെ തെരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസിനു നല്‍കിയത്. കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തിലെ എംപി ജോസഫാണ് അന്നു അങ്കത്തട്ടില്‍ ഇറങ്ങിയത്. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ 26,137 വോട്ടിനു സിപിഎമ്മിലെ എം രാജഗോപാലന്‍ വിജയിക്കുകയായിരുന്നു. ഇത്തവണ തൃക്കരിപ്പൂര്‍ മണ്ഡലം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് കോണ്‍ഗ്രസില്‍ നിന്നു സ്ഥാനാര്‍ത്ഥി കുപ്പായം തുന്നി കാത്തു നില്‍ക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകളും വാര്‍ത്തകളും സജീവമാണ്. ഇതിനിടയിലാണ് കേരള കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് തീരുമാനം. തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസലിന്റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ ഉദുമയില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തൃക്കരിപ്പൂരില്‍ പി.കെ ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്യപ്പെടുമെന്ന് പൊതുവെ ചര്‍ച്ചയുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശം വരുമ്പോള്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ഔട്ടായാലും അത്ഭുതപ്പെടാനില്ലെന്നും സംഭവം കോണ്‍ഗ്രസാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു രസിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page