കാസര്‍കോട്: ഡിജിറ്റല്‍ പ്ലാറ്റ് ഫോംവഴി അനധികൃതമായി പണം കൈമാറുന്നത് കണ്ടെത്താന്‍ സംസ്ഥാനത്ത് പ്രത്യേക പരിശോധന ആരംഭിച്ചു. ‘സൈബര്‍ ഹണ്ട്’ എന്ന പേരിലുള്ള ഓപ്പറേഷന്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് ആരംഭിച്ചത്. സംസ്ഥാനത്ത് ഒരേ സമയത്ത് നടന്നു കൊണ്ടിരിക്കുന്ന ഓപ്പറേഷന് സൈബര്‍ പൊലീസാണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍ എവിടെ നിന്നെങ്കിലും കേസ് കണ്ടെത്തിയതായുള്ള സൂചന ഇല്ല.
നേരത്തെ കറന്‍സിയായിട്ടായിരുന്നു അനധികൃതമായി പണം കൈമാറിയിരുന്നത്. ഇത് പലപ്പോഴും പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി പണം കൈമാറ്റം നടക്കുന്നതെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അനധികൃതമായി ഒരാളുടെ അക്കൗണ്ടുകളിലേയ്ക്ക് പണം നിക്ഷേപിച്ച ശേഷം അത് സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് അയപ്പിച്ച് നിയമ സാധുത ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നു പറയുന്നു. പ്രത്യുപകാരമായി അക്കൗണ്ട് ഉടമയ്ക്ക് 5000 രൂപ മുതല്‍ 10000 രൂപ വരെ പ്രതിഫലം നല്‍കുകയാണെന്നും പറയുന്നു. ഓപ്പറേഷന്‍ പൂര്‍ത്തിയാകുന്നതോടെ അനധികൃത പണ ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. കാസര്‍കോട് ജില്ലയിലും ഓപ്പറേഷന്‍ പുരോഗമിക്കുന്നു.






