കാസര്‍കോട്: അറവു കേന്ദ്രങ്ങളില്‍ നിന്നു പോത്തുകളെ മോഷ്ടിച്ചു കടത്തുന്ന സംഘം അറസ്റ്റില്‍. കര്‍ണ്ണാടക, ഹാസന്‍, ഷിയ മൊഹല്ല സ്വദേശികളായ അസ്ഹര്‍ ഹുസൈന്‍ (36), ഇമ്രാന്‍ അലി (34) എന്നിവരാണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. ഇവരെ പിന്നീട് പയ്യാവൂര്‍ പൊലീസിനു കൈമാറി. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. പയ്യാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാച്ചമ്മ ജംഗ്ഷനില്‍ അനൂപ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡയ്‌ലി ഫ്രഷ് എന്ന അറവു കേന്ദ്രത്തില്‍ നിന്നു പോത്തിനെ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
സമീപ കാലത്തായി തളിപ്പറമ്പ് ,പയ്യാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നു നിരവധി പോത്തുകളെ കാണാതായിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിനു പിന്നില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘമാണെന്നു വ്യക്തമായത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. സംഘത്തെ തളിപ്പറമ്പില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തളിപ്പറമ്പിലെ മോഷണത്തില്‍ ഇരുവര്‍ക്കും പങ്കില്ലെന്നും പയ്യാവൂരിലെ മോഷണത്തിനു പിന്നില്‍ ഇവരാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മോഷ്ടാക്കളെ പേരാവൂര്‍ പൊലീസിനു കൈമാറിയത്.






