കാസര്‍കോട്: ഡ്രൈവിംഗിനിടയില്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണെന്നു പറയുന്നു, നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഓട്ടോ റിക്ഷയിടിച്ച് സി ഐ ടി യു നേതാവായ ഡ്രൈവര്‍ മരിച്ചു.
നീലേശ്വരം മാര്‍ക്കറ്റ് ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും കൊട്രച്ചാല്‍ സ്വദേശിയുമായ ഗോപാലന്‍ (60)ആണ് മരിച്ചത്. ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) നീലേശ്വരം ഏരിയാ കമ്മറ്റി അംഗമാണ്.ബുധനാഴ്ച രാവിലെ നീലേശ്വരം, പേരോല്‍ മില്‍മ ഷോപ്പിന് സമീപമാണ് അപകടം. ഭാര്യ ഉള്‍പ്പെടെയുള്ള നാലു മത്സ്യ വില്‍പ്പനക്കാരുമായി ചോയ്യങ്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ഗോപാലന്‍. പേരോലില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഓട്ടോ നിയന്ത്രണം വിടുകയും റോഡരുകില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയുമായിരുന്നുവെന്നു പറയുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഗോപാലനെ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചന്ദ്രമതി. മക്കള്‍: അശ്വതി, ഗീതു.






