ബാങ്കോക്ക്: 37 കാരിയായ യുവതി ഒരേസമയം രണ്ട് വിവാഹം കഴിച്ചു. തായ്‌ലന്‍ഡ് സ്വദേശിയായ ദുവാങ് ദുവാന്‍ കെത്സാരോ എന്ന യുവതിയാണ് രണ്ട് പൊലീസുകാരെ ഒരേസമയം വിവാഹം കഴിച്ചത്. നേരത്തെ മറ്റൊരു വിവാഹം കഴിച്ച യുവതിക്ക് ആ വിവാഹത്തില്‍ മൂന്നു പെണ്‍മക്കളും രണ്ട് പേരക്കുട്ടികളുമുണ്ട്. മകള്‍ സന്തോഷവതിയായി ഇരിക്കുന്നതാണ് തനിക്ക് പ്രധാനമെന്നും അതുകൊണ്ടാണ് മകളുടെ ഇരട്ട വിവാഹത്തിന് കൂട്ടുനില്‍ക്കുന്നതെന്നും യുവതിയുടെ 61 കാരിയായ മാതാവ് പറഞ്ഞു.
നേരത്തെ സംഗീതജ്ഞയായി ജോലി ചെയ്തിരുന്ന ദുവാങ് ദുവാന്‍ അതില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ മറ്റൊരു ജോലി ചെയ്തുവരുന്നതിനിടെ പരിചയപ്പെട്ട യുവാക്കളെയാണ് ഇപ്പോള്‍ വിവാഹം കഴിച്ചത്. ഓസ്ട്രിയന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ റോമനെയാണ് യുവതി ആദ്യം പരിചയപ്പെടുന്നത്. ഇരുവരും അഞ്ച് വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ചു. പിന്നീടാണ് റോമന്റെ സുഹൃത്തായ മാക്കി എന്ന മറ്റൊരു ഓസ്ട്രിയന്‍ പൊലീസ് ഉദ്യോഗസ്ഥനെ യുവതി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും ഒരുവര്‍ഷത്തോളം ഡേറ്റിംഗിലായിരുന്നു. തുടര്‍ന്ന് മൂന്നുപേരും തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
മാതാപിതാക്കളും മക്കളും വിവാഹത്തെ പിന്തുണച്ചതോടെ ഫെബ്രുവരി 28 ന് തായ്ലന്‍ഡിലെ പ്രഖോണ്‍ ചായ് ജില്ലയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആര്‍ഭാഡമായി വിവാഹ ചടങ്ങ് നടത്തുകയായിരുന്നു.
റോമനും മാക്കിയും തന്റെ കുടുംബത്തെ വളരെ സ്‌നേഹത്തോടെയാണ് പരിചരിക്കുന്നതെന്ന് ദുവാങ് ദുവാന്‍ പറയുന്നു. വിവാഹ സമ്മാനമായി രണ്ട് വരന്മാരും ചേര്‍ന്ന് ഏകദേശം 20 ലക്ഷം തായ് ബാറ്റ് (ഏകദേശം 50 ലക്ഷത്തോളം രൂപ) ആണ് യുവതിക്ക് നല്‍കിയത്.
ആദ്യ വിവാഹം വേര്‍പെടുത്തിയശേഷം തന്റെ മകള്‍ കുടുംബത്തെ പോറ്റാന്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തുവരികയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. അതുകൊണ്ടുതന്നെ ഈ വിവാഹം അവളെ സംബന്ധിച്ച് സന്തോഷം കിട്ടുന്നതാണ്. മകളെയും കുടുംബത്തെയും ഇരുഭര്‍ത്താക്കന്‍മാരും നന്നായി നോക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നു വൃദ്ധമാതാവ് പറഞ്ഞു. വിവാഹ വാര്‍ത്ത തായ്ലന്‍ഡിലെ പ്രാദേശിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സംഭവം വൈറലായിരിക്കുകയാണ്.







