അരച്ചത് തന്നെ അരച്ചാല്‍ മുഖത്ത് തെറിക്കും. പറഞ്ഞത് തന്നെ പറഞ്ഞാല്‍ കേള്‍ക്കുന്നവരുടെ കാത് പൊട്ടും. പൊട്ടിക്കേണ്ടത് പറയുന്നവരുടെ കാതാണ്; കരണക്കുറ്റി; പറഞ്ഞിട്ടല്ല, അടിച്ചിട്ട്. പക്ഷെ, അതിന് കൈപൊങ്ങുകയില്ലല്ലോ. അരച്ചത് മുഖത്ത് തെറിപ്പിക്കണം, ആരുടെ?
ഈ തനിയാവര്‍ത്തനം- അതും നിഷ്ഫലം എന്നറിഞ്ഞു കൊണ്ട് തന്നെ- ഒഴിവാക്കുന്നില്ല. നമ്മുടെ ഭരണ സംവിധാനം മാറാത്ത കാലത്തോളം പറഞ്ഞത് തന്നെ പറയണം; ചെയ്തത് തന്നെ ചെയ്യണം.
പട്ടയം ഗോപിയുടെ- (അങ്ങനെ പറഞ്ഞാലേ മനസ്സിലാകൂ) അനാഥമായ കുടുംബത്തിന്റെ കഥ വീണ്ടും വാര്‍ത്തയാകുന്നു. ഗോപിയുടെ സഹധര്‍മ്മിണി ശാന്തയും മകള്‍ സവിതയും ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അനാഥര്‍. ഗോപി 2023 ജനുവരിയില്‍ ജീവന്‍ വെടിഞ്ഞല്ലോ. മുപ്പത്തഞ്ച് വര്‍ഷം മുമ്പാണ് സ്വന്തമായി ഒരു വീട് എന്ന മോഹവുമായി ഗോപി സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയത്. ഭൂരഹിതരില്ലാത്ത സംസ്ഥാനം കേരളം എന്നതാണല്ലോ സര്‍ക്കാരിന്റെ പ്രഖ്യാപനം. പ്രഖ്യാപനം വരും മുമ്പേ ഗോപി ഒരു കൊച്ചുവീട് വെയ്ക്കാന്‍ കുറച്ച് സ്ഥലം സ്വന്തമായി കിട്ടണം എന്നാഗ്രഹിച്ചു. അതില്‍ തെറ്റില്ല; അതിമോഹവുമല്ല. കേരളീയന്‍ എന്ന നിലയില്‍ തനിക്കും അവകാശമുണ്ടല്ലോ ഭൂമി ലഭിക്കാന്‍. ഭൂമി തരാം; തരും; അതാ, അവിടെ, അതിനപ്പുറത്ത്- എന്ന് പറഞ്ഞ് അധികാരികള്‍ കബളിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ ചെര്‍ക്കള ഗ്രാമത്തില്‍, കെ കെ പുറം എന്ന സ്ഥലത്ത് ഒരു കുടില്‍ കെട്ടി അതിലായിരുന്നു അവസാനം ഗോപിയും കുടുംബവും താമസം. അത് എത്രാമത്തെ പാര്‍പ്പിടം എന്ന് അവര്‍ക്ക് പോലും ഓര്‍ത്തെടുക്കാന്‍ എളുപ്പമല്ല.
റവന്യു ഉദ്യോഗസ്ഥന്മാര്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് കുടില്‍ കെട്ടി താമസിച്ചു. റവന്യു രേഖകള്‍- പട്ടയം- പിന്നാലെ കിട്ടും എന്ന് പറഞ്ഞു. പലതവണ ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് പോയി; വെറും കൈയോടെ മടങ്ങി. ഗോപിയെപ്പോലെയുള്ളവര്‍ക്ക് കൊടുക്കാന്‍ ഇവിടെ ഭൂമി ഇല്ലാത്തതല്ല. അതെല്ലാം മുകളില്‍ പിടിപാടുള്ള ഓരോരുത്തര്‍ കണ്ണ് വെച്ചത് കൊണ്ട് കൊടുക്കാത്തതാണ്. അധികാരികളെ പ്രീണിപ്പിക്കാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതിനുള്ള, കൈമടക്ക് കൊടുക്കാനുള്ള, സാമ്പത്തിക ശേഷി ഗോപിക്ക് ഉണ്ടായിരുന്നില്ല. പണമില്ലാത്തവന്‍ അധികാരികളുടെ കണ്ണില്‍ തൃണം.
ചെര്‍ക്കളയ്ക്കടുത്ത് ഒരിടത്തായിരുന്നു ആദ്യം ഗോപി താമസിച്ചിരുന്നത്. അതും അധികാരികള്‍ ചൂണ്ടിക്കാണിച്ചത് പ്രകാരം. പട്ടയം നല്‍കും എന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ടും കൈയേറ്റക്കാരന്‍ എന്ന് ആരോപിച്ച് അവിടെ നിന്നും ഇറക്കിവിട്ടു. പകരം അന്തിയുറങ്ങാന്‍ ഒരിടം ഇല്ലാത്തത് കൊണ്ട് ഗോപിയും കുടുംബവും കളക്ട്രേറ്റിന് മുമ്പില്‍ കുടില്‍കെട്ടി- സത്യാഗ്രഹപ്പന്തല്‍. അന്നത്തെ കളക്ടര്‍ ഗോപിയെയും കുടുംബത്തെയും പുലിക്കുന്നിലെ സര്‍ക്കാര്‍ വക അതിഥി മന്ദിരത്തിലേയ്ക്ക് മാറ്റി. നിയമപ്രകാരമുള്ള അതിഥി അല്ലല്ലോ അവര്‍. വി വി ഐ പി അതിവിശിഷ്ടവ്യക്തി-കള്‍ക്ക് മാത്രമാണല്ലോ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും റസ്റ്റ് ഹൗസിലും താമസിക്കാനുള്ള അവകാശം; അധികാരം.
അധികാരികള്‍ ആ കുടുംബത്തെ ചെങ്കള ഗ്രാമത്തിലേയ്ക്ക് മാറ്റി. അവിടെ വീടു വെച്ചു. അപ്പോഴാണ് അവിടെ ചിലര്‍ക്കൊരു ബോധോദയം. പഞ്ചായത്തിന്റെ കളിസ്ഥലമാക്കാന്‍ കണ്ടെത്തിയ സ്ഥലമാണ് അത് എന്ന് പറഞ്ഞ് ഇറങ്ങാന്‍ കല്‍പ്പിച്ചു. അതിനടുത്ത് തന്നെ മറ്റൊരിടത്തേയ്ക്ക് മാറ്റി. പട്ടയം? അത് പിന്നാലെ കിട്ടും. തുടര്‍ക്കഥ നീണ്ടു. തനിയാവര്‍ത്തനം. അതിന്റെ പുതിയ അധ്യായമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ അറിയിക്കുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. അശേഷം പുതുമയുമില്ല. അടുത്തകാലത്തൊന്നും തീരുന്നതുമല്ല. എന്തുകൊണ്ട് ഈ ദുരവസ്ഥ? സംസ്ഥാനത്തിന്റെ ഭൂവിസ്തൃതി തന്നെ പ്രധാന പ്രശ്നം. ഭൂവിസ്തൃതി നന്നെ കുറവുള്ള സംസ്ഥാനമാണ് കേരളം. ഉള്ളത് കൊണ്ട്, പരിമിതികള്‍ക്കകത്ത് തന്നെ എല്ലാം ചെയ്യണം. സര്‍ക്കാര്‍ ഓഫീസുകള്‍, ജൂഡീഷ്യല്‍ സംവിധാനങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍, കളിസ്ഥലങ്ങള്‍, മാളുകളും ഫ്ളാറ്റുകളും വിമാനത്താവളങ്ങള്‍- സ്ഥലകാല ബോധം അശേഷമില്ലാത്ത ഭരണാധികാരികള്‍ ഓരോ പ്രഖ്യാപനങ്ങള്‍ നടത്തും സ്വപ്ന പദ്ധതികള്‍! എല്ലാം വെറും വാഗ്ദാനങ്ങള്‍ മാത്രം!
ഭൂരഹിതരില്ലാത്ത കേരളം- വെറും വ്യാമോഹ പദ്ധതി എന്ന് പ്രഖ്യാപനം നടത്തുന്ന മന്ത്രിമാര്‍ക്കറിയാം. അത് കേട്ട് കൈയടിക്കുന്നവര്‍ക്കും. പാവങ്ങള്‍ വിശ്വസിക്കുന്നു; പ്രതീക്ഷിക്കുന്നു പലതും.
നിയമസഭ- നിയമ നിര്‍മ്മാണസഭ. നിയമം നടപ്പാക്കാനുള്ള സഭയല്ല! നിയമങ്ങള്‍ പാസ്സാക്കുന്ന സഭ. പിന്നാലെ വകുപ്പുകള്‍ ചട്ടങ്ങള്‍ ഉണ്ടാക്കും. ചട്ടങ്ങള്‍ ചട്ടക്കൂട്ടിലൊതുങ്ങുന്നത്.
ലത്തീന്‍ ഭാഷയില്‍ ഒരു പ്രയോഗമുണ്ടത്രേ കുയിബോണോ- ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്നര്‍ത്ഥം. നമ്മുടെ പല നിയമങ്ങളെക്കുറിച്ചും ഇത് തന്നെ പറയാം; പറയണം: കുയി ബോണോ ആര്‍ക്കു വേണ്ടി? എന്തിനുവേണ്ടി?.







