കണ്ണൂര്‍: സ്വന്തമായി ജ്വല്ലറി ഉണ്ടെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ചെറുകുന്ന്, പള്ളിച്ചാലിലെ ഷമീമ എന്ന ജാസ്മി(45)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊറാഴ സ്വദേശിനിയായ 71 കാരിയുടെ പണമാണ് തട്ടിയെടുത്തത്. സ്വന്തമായി ജ്വല്ലറി ഉണ്ടെന്നും പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം കിട്ടുമെന്നും വീട് വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു.
2024 ഡിസംബര്‍ 12ന് 2 ലക്ഷം രൂപയും 16ന് 7 ലക്ഷം രൂപയും കൈപ്പറ്റുകയായിരുന്നു. എന്നാല്‍ ലാഭമോ നിക്ഷേപ തുകയോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഷമീമയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.







