സ്പര്‍ശിച്ചാല്‍ കൊന്നുകളയുമെന്ന് ആദ്യരാത്രിയില്‍ കത്തികാട്ടി വരന് ഭീഷണി; പിറ്റേന്ന് സ്വര്‍ണവും പണവും അപഹരിച്ച് വരന്റെ ഇളയച്ഛനൊപ്പം നവവധു ഒളിച്ചോടി

ഹത്രാസ്: വിവാഹ പിറ്റേന്ന് വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും അപഹരിച്ച് നവവധു വരന്റെ ചെറിയച്ഛനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം. ഫെബ്രുവരി 21നാണ് വിവാഹം നടന്നത്. ആദ്യരാത്രിയില്‍ വധുവുമൊത്തുള്ള സന്തോഷകരമായ ദിവസം ആഘോഷിക്കുന്നത് സ്വപ്‌നം കണ്ട് മണിയറയിലെത്തിയ വരനെ നവവധു കത്തികാട്ടി തൊട്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തി. രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.

കത്തിയുമായി നില്‍ക്കുന്ന വധുവിനെ കണ്ട് അമ്പരന്ന വരന്‍ വിവരം ബന്ധുക്കളെ അറിയിച്ചു. അവര്‍ വധുവിന്റെ വീട്ടുകാരേയും ഇക്കാര്യം അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ യുവതിയുടെ ബന്ധുക്കള്‍ വീടുമാറിയതിന്റെ പരിഭ്രമമായിരിക്കാം വധു പ്രകടിപ്പിച്ചതെന്നും അടുത്തദിവസം ഇതൊക്കെ മാറുമെന്നും പിന്നീട് സമാധാനത്തോടെ കഴിയാമെന്നും പറഞ്ഞു വരനേയും വീട്ടുകാരേയും സമാധാനിപ്പിച്ചു.

പിറ്റേന്ന് യുവതി വീട്ടുകാരുടെ ഭക്ഷണത്തില്‍ ഉറക്കത്തിനുള്ള മരുന്നു കലര്‍ത്തി കൊടുത്തു. ഭക്ഷണം കഴിച്ചതോടെ വീട്ടുകാരെല്ലാം ബോധരഹിതരുമായി. ഈ തക്കം നോക്കി വധു ഭര്‍ത്താവിന്റെ വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണവും പണവും കൈക്കലാക്കി വരന്റെ ചെറിയച്ഛനൊപ്പം സ്ഥലം വിട്ടു.

ഭര്‍തൃവീട്ടുകാര്‍ക്ക് ബോധം വന്നപ്പോഴാണ് വധുവിനെ കാണാനില്ലെന്ന് അറിയുന്നത്. വീടുമുഴുവനും അരിച്ചുപെറുക്കിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവുമെല്ലാം അടിച്ചുമാറ്റി വധു ആരുടെ കൂടെയോ ഒളിച്ചോടിപ്പോയെന്നു ബോധ്യമായി. പിന്നീട് അവര്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോടിയത് വരന്റെ ചെറിയച്ഛനൊപ്പമാണെന്ന് അറിയുന്നത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വിവാഹ സമയത്ത് വധുവിന്റെ പെരുമാറ്റത്തില്‍ ഒരു തരത്തിലുള്ള അസ്വഭാവികതയും തോന്നിയിരുന്നില്ലെന്നും എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയതെന്നും വരന്റെ വീട്ടുകാര്‍ പറയുന്നു. ഏതായാലും വധുവിനേയും ചെറിയച്ഛനേയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നഷ്ടമായ പണവും സ്വര്‍ണവും ഇനി എങ്ങനെ തിരികെ കിട്ടുമെന്നോര്‍ത്താണ് ഭര്‍തൃവീട്ടുകാര്‍ വിഷമിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page