ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡില്‍ ഐ.ടി പ്രൊഫഷനലായിരുന്ന അശ്വതി രാജശേഖരനാണ് മരിച്ചത്. ബ്രേ മേഖലയിലെ കടല്‍ തീരത്താണ് മൃതദേഹം കാണപ്പെട്ടത്. അശ്വതിയുടെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ഹെയ്സ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് കാണാതായത്. സ്ഥലം മാറ്റം കിട്ടി അയര്‍ലന്‍ഡിലെ ലെറ്റര്‍ക്കെന്നിയില്‍ പോകാനിരിക്കെയാണ് അശ്വതിയെ കാണാതാകുന്നതും പിന്നാലെ മരണം സംഭവിക്കുന്നതും.
ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡാല്‍കി, കിലനി തീരപ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെ ഡാല്‍ക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ ബ്രേ മേഖലയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മരിച്ചത് അശ്വതിയാണെന്ന് തിരിച്ചറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ലോക്ലിന്‍സ്റ്റൗണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കഴിഞ്ഞദിവസം ഇതേ മേഖലയിലുള്ള അനീഷ് സോജന്‍ എന്ന മലയാളി ഐടി ഉദ്യോഗസ്ഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അനീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തുന്നത്.







