കൊല്ലപ്പെട്ടവരില്‍ മകള്‍, മരുമകന്‍, പേരക്കുട്ടി, മരുമകള്‍, പ്രതിരോധ മന്ത്രി, റവല്യൂഷണറി കമാന്‍ഡര്‍, അഞ്ച് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ തുടങ്ങിയവരും
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (86) കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് രക്തസാക്ഷിത്വത്തിലെത്തിയതെന്നു സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഇബി ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ഖമേനിയുടെ ഓഫീസിലാണ് മരണമുണ്ടായത്. ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വളപ്പില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ നേതാവ് കൊല്ലപ്പെട്ടതായി ഒരു ഇസ്രേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടുവെന്നു മറ്റൊരു മുതിര്‍ന്ന ഇസ്രേലി ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിരുന്നു. ടെഹ്‌റാനിലെ കോമ്പൗണ്ടില്‍ നിന്നു മൃതദേഹം കണ്ടെടുത്ത ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഖമേനിയുടെ ചിത്രം കാണിച്ചിരുന്നതായി ഇസ്രായേല്‍ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. അപ്രതീക്ഷിതമായുണ്ടായ ആയത്തുള്ള ഖമേനിയുടെ കൊലപാതകം ടെഹ്‌റാന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഇറാനില്‍ 7 ദിവസം പൊതുഅവധി; 40 ദിവസം ദുഃഖാചരണം
ടെഹ്‌റാന്‍: കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയോടുള്ള ആദരസൂചകമായി ഇറാന്‍ ഏഴു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. 40 ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാന്‍ ജനതക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസാന അവസരം: ട്രംപ്
ഖമേനി കൊല്ലപ്പെട്ടതോടെ ഇറാന്‍ ജനതക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇറാനിയന്‍ സൈനിക, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിനു ശേഷമായിരുന്നു മരണം. 1989 മുതല്‍ ഇറാനെ നയിച്ചിരുന്ന ഖമേനിയെ ഉന്നമിടാന്‍ അമേരിക്ക ഇസ്രായേലുമായി അടുത്തു പ്രവര്‍ത്തിച്ചതായി അമേരിക്കന്‍ കമാന്‍ഡന്‍ ഇന്‍ ചീഫ് പറഞ്ഞു.
കൊല്ലപ്പെട്ട മറ്റുള്ളവര്‍
ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ നസീര്‍സാദെയും റെവല്യൂഷണറി കമാന്‍ഡര്‍ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നു റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഇറാന്‍ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് അലി ഷംഖാനി ഉള്‍പ്പെടെ അഞ്ച് മുതിര്‍ന്ന സൈനിക കമാന്‍ഡന്‍മാരും മരിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഖമേനിയുടെ മകള്‍, മരുമകന്‍, പേരക്കുട്ടി, മരുമകള്‍ എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു
മരണം സ്ഥിരീകരിച്ചയുടനെ ഇസ്രേലിനും അമേരിക്കയുടെ സഹായികളായ ഏഴു ഗള്‍ഫു രാജ്യങ്ങള്‍ക്കുമെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം സ്ഥിരീകരിച്ചുടനെ ഇറാന്‍ ഗള്‍ഫില്‍ അമേരിക്കയെ സഹായിക്കുന്ന ഏഴു രാജ്യങ്ങള്‍ക്കും ഇസ്രേലിനുമെതിരെ മിസൈല്‍ ആക്രമണം നടത്തി. ഇറാനില്‍ വ്യാപകമായി ഖമേനി അനുകൂലികള്‍ ട്രമ്പ് വിരുദ്ധ പ്രകടനങ്ങളും പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്.







