കാസര്‍കോട്: സി.പി.ഐ മന്ത്രിയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പില്‍ മൂന്നു ദശാബ്ദമായി ചോപ്പുനാടയില്‍ കെട്ടിവച്ചിരിക്കുന്ന ഒരു ഫയലിന് മോചനമുണ്ടാകാത്തതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ അപേക്ഷകയേയും സിപിഐ നേതാക്കളേയും തഹസില്‍ദാര്‍ പൊലീസിനെ വിളിപ്പിച്ച് അറസ്റ്റ് ചെയ്യിച്ചു. സംഭവം ചൂടുപിടിച്ചിട്ടുണ്ട്.
ഭൂരഹിതര്‍ ഇല്ലാത്ത കേരളമുണ്ടാക്കുന്നതിന് മന്ത്രിയും സര്‍ക്കാരും ഓടിനടക്കുമ്പോഴാണ് 30 വര്‍ഷത്തിലധികമായി കുടിയിടപ്പും കൈവശമുള്ള സ്ഥലത്തിന് അധികൃതകര്‍ പട്ടയം നല്‍കാതെ ചുവപ്പുനാടയില്‍ കെട്ടിമുറുക്കി താലൂക്കാപ്പീസിന്റെ മൂലക്കിട്ടിട്ടുള്ളതെന്ന് പറയുന്നു.
നാളെ നടക്കുന്ന ജില്ലയിലെ പട്ടയമേളയില്‍ ഇവരുടെ അപേക്ഷയിലുള്ള സ്ഥലത്തിന് പട്ടയം ശരിയായിട്ടുണ്ടോ എന്നറിയാന്‍ എത്തിയതായിരുന്നു ചെര്‍ക്കള കെ.കെ പുറത്തെ ശാന്തയും മകളും. നാളെ പട്ടയം കിട്ടില്ലെന്നറിഞ്ഞതോടെ നിരാശരായ ഇവര്‍ അവരുടെ പാര്‍ട്ടി നേതാക്കളായ മുളിയാറിലെ മുനീറിനേയും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.രാജനേയും എ.ഐ.ടി.യു.സി നേതാവ് ബിജു ഉണ്ണിത്താനേയും വിവരമറിയിച്ചു. അവര്‍ താലൂക്ക് ഓഫീസിലെത്തി തഹസില്‍ദാരോട് പട്ടയം നല്‍കാതിരിക്കാന്‍ എന്ത് നിയമതടസമാണ് ഉള്ളതെന്ന് ആരാഞ്ഞു. ഇത് കേട്ട തഹസില്‍ദാര്‍ എസ്.ഐ.ആര്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, വേനല്‍, സൂര്യതാപം, വേനല്‍ മഴ എന്നൊക്കെ പിച്ചുംപേയും പറയുകയായിരുന്നുവെന്ന് പറയുന്നു.
ഇതുകേട്ട നേതാക്കള്‍ ക്ഷുഭിതരാകുന്നുണ്ടെന്ന് സംശയം തോന്നിയ തഹസില്‍ദാര്‍ പൊലീസിനെ വിളിക്കുകയും പൊലീസെത്തി ഇവരെ അറസ്റ്റുചെയ്യുകയും ചെയ്തു. ചെര്‍ക്കള കെ.കെ പുറത്തെ ശാന്തയും ഭര്‍ത്താവ് ഗോപിയും മകളും 26 സെന്റ് ഭൂമിയില്‍ 30 വര്‍ത്തിലധികമായി വീടുവച്ച് താമസിക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ സ്ഥലത്തിന് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അവര്‍ അക്കാലത്ത് തന്നെ താലൂക്ക് ഓഫീസില്‍ അപേക്ഷയും നല്‍കിയിരുന്നു. 10 വര്‍ഷത്തോളം അപേക്ഷയ്ക്ക് പുറകെ നടന്നു.
20 വര്‍ഷം മുമ്പ് ഒരു മഴക്കാലത്ത് ഈ സ്ഥലത്ത് അവര്‍ താമസിച്ചിരുന്ന കുടില്‍ തകര്‍ന്നുവീണു. അതിനെ തുടര്‍ന്ന് ഗോപിയും കുടുംബവും കലക്ട്രേറ്റിന് മുന്നില്‍ മഴ നനഞ്ഞുകൊണ്ട് അനിശ്ചിതകാല സമരം ആരംഭിക്കുകയും അന്നത്തെ കലക്ടര്‍ ഇവരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവരുടെ കൈവശമുള്ള 26 സെന്റ് സ്ഥലത്തിന് പട്ടയം നല്‍കാന്‍ അന്നത്തെ ജില്ലാ കലക്ടര്‍ താലൂക്ക് അധികൃതരോട് പ്രൊപ്പോസല്‍ ആവശ്യപ്പെട്ടു. താലൂക്ക് ഓഫീസിലെ തലവിധി കുറിപ്പ് എഴുത്തുകാര്‍ ഒടുവില്‍ 26 സെന്റ് സ്ഥലത്തിനുപകരം 16 സെന്റിന്റെ പ്രൊപ്പോസലാക്കിയെന്ന് ശ്രുതി ഉണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് താലൂക്ക് ഓഫീസലും കലക്ട്രേറ്റിലും മാറി മാറി കയറി നടന്ന് മടുത്ത ഗോപി നിരാശനായി ആത്മഹത്യ ചെയ്തു. അത് വിവാദമായി. തുടര്‍ന്ന് ഇതാ, പട്ടയമെന്ന് സര്‍ക്കാര്‍ പ്രസ്താവിച്ചു. പിന്നേയും 10 വര്‍ഷം കടന്നു. എന്നിട്ടും ഇവരുടെ അപേക്ഷ ചുവപ്പുനാടയില്‍ കെട്ടിമുറുക്കി താലൂക്ക് ഓഫീസിന്റെ മൂലയ്ക്കിട്ടതിന്റെ കാരണമറിയാനെത്തിയ നേതാക്കന്‍മാരേയും പരാതിക്കാരേയും പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.
30 വര്‍ഷമായി പട്ടയത്തിനുവേണ്ടി മഹാദുരിതങ്ങള്‍ നിരന്തരം അനുഭവിക്കുന്ന കുടുംബത്തിന് നാളെ റവന്യൂ മന്ത്രി നടത്തുന്ന പട്ടയ മേളയില്‍ പട്ടയം നല്‍കിയില്ലെങ്കില്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം ജില്ലയില്‍ നിര്‍ത്തലാക്കേണ്ടി വന്നേക്കുമെന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ മുന്നറിയിച്ചിട്ടുണ്ട്.







