ലഖ്നൗ: ഒരാഴ്ച മുമ്പ് കാണാതായ ഒമ്പതു വയസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കുട്ടിയുടെ മുഖത്തും കൈകാലുകളിലും പൊള്ളലേറ്റ പാടുകളുണ്ട്. കുട്ടിയുടെ മരണം മന്ത്രവാദം മൂലമാണെന്നാരോപിച്ച് കുടുംബം പൊലീസിനെ സമീപിച്ചു.
കാണാതായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ദുഷ്യന്തിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച ഛാട്ട പ്രദേശത്തെ തരോളി ജുനാബി ഗ്രാമത്തിലെ ഒരു കുളത്തില്‍ കണ്ടെത്തിയത്. ഫെബ്രുവരി 18 നാണ് ദുഷ്യന്തിനെ കാണാതായത്.
ആഗ്രയിലെ ബര്‍ഗവാന്‍ ഗ്രാമത്തില്‍ നിന്നുള്ള കുട്ടി ഫെബ്രുവരി 10 ന് അമ്മ സഞ്ജുവിനൊപ്പം അവരുടെ മാതാപിതാക്കളുടെ വീട്ടില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 21 ന് വൃന്ദാവനിലാണ് ബന്ധുവിന്റെ വിവാഹം നടക്കാനിരുന്നത്. അതിനിടെയാണ് ദുരന്തം നടന്നത്. ഫെബ്രുവരി 18 ന് ഉച്ചയോടെ മുത്തശ്ശി സാവിത്രിയോട് കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ദുഷ്യന്ത് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങളും ഗ്രാമവാസികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അമ്മാവന്‍ നന്ദ് കിഷോര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി തനിച്ച് പ്രാന്തപ്രദേശങ്ങളിലേക്ക് നടന്നുപോകുന്നത് കാണുന്നെങ്കിലും കൂടുതല്‍ സൂചനകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
തന്റെ അനന്തരവനെ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കൊലപ്പെടുത്തിയിരിക്കാമെന്ന് അമ്മാവന്‍ കിഷോര്‍ ആരോപിച്ചു. കുട്ടിയുടെ മുഖത്തും കൈകാലുകളിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ഗ്രാമത്തില്‍ സമാനരീതിയില്‍ മറ്റൊരു കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.







