കെട്ടിട നമ്പര്‍ അനുവദിക്കാന്‍ 15 ലക്ഷം കൈക്കൂലി; കാഞ്ഞങ്ങാട് സ്വദേശിയായ ഓവര്‍സീയറെ കൊച്ചി വിജിലന്‍സ് കയ്യോടെ പൊക്കി

കൊച്ചി: കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ ഓവര്‍സിയറെ വിജിലന്‍സ് കയ്യോടെ പിടികൂടി.
ദീപേഷ് കുമാര്‍ (40) ആണ് ചൊവ്വാഴ്ച രാത്രി എട്ടരമണിയോടെ എറണാകുളം കലക്ട്രേറ്റിന് സമീപത്ത് അറസ്റ്റിലായത്. കൊച്ചി സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിലാണ് വിജിലന്‍സ് നടപടി. ഇയാള്‍ കരിമുകളില്‍ കോടികള്‍ ചെലവിട്ട് 55,000 സ്‌ക്വയര്‍ ഫീറ്റില്‍ വലിയ ഗോഡൗണ്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പറിനായി അപേക്ഷ നല്‍കിയിരുന്നു.
ഇതു സംബന്ധിച്ച പരിശോധനയ്ക്കായി ഓവര്‍സിയര്‍ ദീപേഷാണ് സ്ഥലത്തെത്തിയത് . പരിശോധനയ്ക്ക് ശേഷം പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു പറഞ്ഞ് അനുമതി നല്‍കാന്‍ തയ്യാറായില്ലത്രെ. ഇതിനു ശേഷം ദീപേഷിനെ വിളിച്ച പരാതിക്കാരനോട് കാക്കനാട്ട് എത്താന്‍ അവശ്യപ്പെടുകയായിരുന്നുവത്രെ. 20 ലക്ഷം രൂപ നല്‍കിയാല്‍ കെട്ടിട നമ്പര്‍ ഇടാമെന്ന് ഉറപ്പ് നല്‍കിയതായും പറയുന്നു. പലതവണ നടത്തിയ വിലപേശലിനു ഒടുവില്‍ 15 ലക്ഷം രൂപയില്‍ ഉറപ്പിച്ചു. ഇതുപ്രകാരം കാക്കനാട്, തെങ്ങോട്ട് താമസിക്കുന്ന ദീപേഷ് പരാതിക്കാരനോട് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കലക്ട്രേറ്റിനു സമീപത്തു എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. അഞ്ചുലക്ഷം രൂപ പണമായും 10 ലക്ഷം രൂപ ചെക്കായും നല്‍കണമെന്നായിരുന്നു ദീപേഷ് അറിയിച്ചിരുന്നത്. ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. നോട്ടിലും ചെക്കിലും രാസവസ്തു പുരട്ടിയ ശേഷം ഇവ പരാതിക്കാരനു കൈമാറി. കാറിലെത്തിയ പരാതിക്കാരനെ ദീപഷ് തന്റെ വണ്ടിയില്‍ കയറ്റിയിരുത്തി പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ലാപ്‌ടോപ്പിലൂടെ കെട്ടിട നമ്പര്‍ അനുവദിക്കുകയായിരുന്നു. ഇതിനിടയില്‍ വിജിലന്‍സ് ഡി വൈ എസ് പി ടി എം വര്‍ഗ്ഗീസും സംഘവും എത്തി കൈയ്യോടെ പിടികൂടുകയായിരുന്നു. ദീപേഷ് കാറില്‍ നിന്നു ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page