ലക്‌നൗ: നീറ്റ് പരീക്ഷ എഴുതാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിനുറുക്കി വീപ്പയില്‍ സൂക്ഷിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. ലക്‌നൗ സ്വദേശി മാനവേന്ദ്ര പ്രതാപിനെ(50) കൊലപ്പെടുത്തിയ കേസില്‍ 21 കാരനായ മകന്‍ അക്ഷിത് പ്രതാപ് ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 20 നാണ് വര്‍ധമാന്‍ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗിന്റെ മൃതദേഹം വീട്ടിലെ വീപ്പയില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് മകന്‍ അക്ഷിത് പ്രതാപിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്.
നീറ്റ് പരീക്ഷ എഴുതാന്‍ പിതാവ് സമ്മര്‍ദ്ദം ചെലുത്തുകയും ശകാരിക്കുകയും ചെയ്തിരുന്നുവെന്നും ഇത് വീട്ടില്‍ കുടുംബ കലഹത്തിന് കാരണമായെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അക്ഷിത് ബികോം വിദ്യാര്‍ത്ഥിയായിരുന്നു. പ്ലസ്ടുവിന് ബയോളജിയായിരുന്നു വിഷയം. അച്ഛനും സഹോദരിക്കുമൊപ്പമായിരുന്നു അക്ഷിത് താമസിച്ചിരുന്നത്. അമ്മ 2018 ല്‍ മരിച്ചിരുന്നു.
ഫെബ്രുവരി 20 ന് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനെച്ചൊല്ലി പിതാവും മകനും തമ്മില്‍ തര്‍ക്കമുണ്ടായതായി ഡിസിപി വിക്രാന്ത് വീര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ മകന്‍ പിതാവിനെ വീട്ടുലുണ്ടായിരുന്ന തോക്കെടുത്ത് വെടിവച്ചു കൊന്നു.
തുടര്‍ന്ന് മൃതദേഹം മൂന്നാം നിലയില്‍ നിന്ന് താഴത്തെ നിലയിലെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുവന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് സദരോണ ഗ്രാമത്തിന് സമീപം ചില ശരീരഭാഗങ്ങള്‍ എറിഞ്ഞു, ബാക്കിയുള്ള ഭാഗങ്ങള്‍ വീട്ടിലെ വീപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ചതായി പൊലീസ് പറഞ്ഞു. താഴത്തെ നിലയില്‍ നിന്ന് ശരീരത്തിന്റെ ചില ഭാഗങ്ങളും കണ്ടെടുത്തു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







