കാസര്‍കോട്: മകന്‍ തൂങ്ങി മരിച്ചതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു, പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണന്‍ നായര്‍ (70) ആണ് ജീവനൊടുക്കിയത്.
ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തത്. ബേഡകം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജനുവരി 31ന് ബാലകൃഷ്ണന്‍ നായരുടെ മകന്‍ മണികണ്ഠനെ (47) അഡൂര്‍, പാണ്ടിവനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ബാലകൃഷ്ണന്‍ നായര്‍ മാനസിക വിഷമത്തിലായിരുന്നുവത്രെ. ഇതേ തുടര്‍ന്നാണ് കിണറ്റില്‍ ചാടി മരിച്ചതെന്നു സംശയിക്കുന്നു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
സാവിത്രിയാണ് ബാലകൃഷ്ണന്‍ നായരുടെ ഭാര്യ.
മറ്റു മക്കള്‍: ശാന്തി, ജ്യോതി. മരുമക്കള്‍: ചന്ദ്രന്‍, മോഹനന്‍, രമ്യ. സഹോദരങ്ങള്‍: ശ്യാമള, കസ്തൂരി, പരേതരായ ദാമോദരന്‍ നായര്‍, ലക്ഷ്മിഅമ്മ, ശാരദ, മാലിങ്കു നായര്‍, മുത്തുനായര്‍.






