തണുത്ത് മരവിച്ച നായയെ പുതപ്പിച്ചതിന് ഡെലിവറി ബോയിയെ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; വ്യാപക പ്രതിഷേധം

മോസ്‌കോ: തണുത്ത് മരവിച്ച നായയെ പുതപ്പിച്ചതിന് ഡെലിവറി ബോയിയെ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രമുഖ പിസ്സ ശൃംഖലയായ ‘ഡോഡോ പിസ്സ’യുടെ ചെല്യാബിന്‍സ്‌ക് നഗരത്തിലെ ശാഖയിലാണ് സംഭവം. മിഖായേല്‍ സാവിറ്റ്സ്‌കി എന്ന ഡെലിവറി ജീവനക്കാരനെയാണ് മാനേജര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. മൈനസ് 20 ഡിഗ്രി തണുപ്പില്‍ മരവിച്ചു നിന്ന തെരുവ് നായയെ പുതപ്പിച്ചതാണ് മാനേജരെ പ്രകോപിപ്പിച്ചത് എന്ന് പറയുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ പിസ്സ ഷോപ്പിന് മുന്നിലാണ് ‘ഡോഡോബോണ്യ’ എന്ന തെരുവ് നായ താമസിക്കുന്നത്. അവിടുത്തെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഡോഡോബോണ്യയെ വലിയ ഇഷ്ടമായിരുന്നു. ഇവര്‍ നല്‍കുന്ന ഭക്ഷണവും മറ്റുമാണ് നായ കഴിക്കുന്നത്.

കട അടച്ചു കഴിഞ്ഞാല്‍ തണുപ്പത്ത് കിടക്കുന്ന നായയെ ജീവനക്കാര്‍ പുതപ്പിക്കാറുണ്ടായിരുന്നു. കമ്പനിയില്‍ മുമ്പുണ്ടായിരുന്ന മാനേജര്‍മാരും നായയെ പരിചരിക്കുന്നതില്‍ തടസം പറഞ്ഞിരുന്നില്ല. കടയില്‍ പുതിയ മാനേജരെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ‘യൂലിയ’ എന്ന മാനേജര്‍ ചുമതലയേറ്റശേഷം നായയെ സഹായിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി മിഖായേല്‍ സാവിറ്റ്സ്‌കി ഇവിടെ ജോലി ചെയ്യുന്നുണ്ട്. നായ മഞ്ഞില്‍ കിടക്കുന്നത് കണ്ട് മനസ്സലിവ് തോന്നി മിഖായേല്‍ ഒരു പുതപ്പ് എടുത്ത് അതിനെ പുതപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ പോയി. തിരിച്ചെത്തിയപ്പോഴേക്കും യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി മാനേജര്‍ അറിയിക്കുകയായിരുന്നു.

‘നായ മഞ്ഞില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പുതപ്പിട്ടു കൊടുത്തു, ഓര്‍ഡര്‍ ഡെലിവറി ചെയ്ത് 15 മിനിറ്റിനുള്ളില്‍ തിരിച്ചെത്തിയപ്പോഴേക്കും ഞാന്‍ പുറത്തായിരുന്നു’ എന്നാണ് മിഖായേല്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. നായയെ സഹായിക്കുന്നവര്‍ നായയുടെ കൂടെ തെരുവിലിറങ്ങേണ്ടി വരുമെന്ന് കാട്ടി മാനേജര്‍ അയച്ച ഭീഷണി സന്ദേശങ്ങളും യുവാവ് പുറത്തുവിട്ടു.

വിഷയം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഡോഡോ പിസ്സ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ കമ്പനി വിശദീകരണവുമായി രംഗത്തുവന്നു. മിഖായേലിനെ പുറത്താക്കിയത് നായയെ സഹായിച്ചതിനല്ലെന്നും, ജോലിയിലെ വീഴ്ചകള്‍ കാരണമാണെന്നുമാണ് കമ്പനി പറയുന്നത്. എന്നാല്‍, മിഖായേല്‍ അത് നിഷേധിച്ചു. മൃഗസ്‌നേഹികള്‍ ഒന്നടങ്കം മിഖായേലിന് പിന്തുണയുമായി എത്തി. ‘മനുഷ്യത്വം കാണിച്ചതിന് ശിക്ഷ നല്‍കുന്ന സ്ഥാപനങ്ങള്‍ നമുക്ക് വേണ്ട’ എന്നാണ് റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന അഭിപ്രായം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page